Image Credit : X/Twitter

നഗരമധ്യത്തില്‍ ഓടുന്ന ബൈക്കില്‍ യുവതിക്ക് ക്രൂര മര്‍ദ്ദനം. യാത്രക്കാരിലാരോ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷ പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമമായ എക്സില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭുവനേശ്വരിലെ സ്റ്റുഡിയോ സ്വകയറിലാണ് സംഭവം. യുവതിയും യുവാവും ബൈക്കില്‍ സ‍ഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ യാത്രയിലൂടനീളം തന്‍റെ ഒരു കൈകൊണ്ട് യുവാവ് ഒപ്പമുളള യുവതിയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതിയുടെ മുടി പിടിച്ചുവലിക്കുകയും കൈകൊണ്ട് തലയ്ക്കും കഴുത്തിനുമെല്ലാം മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തരുണ്‍ ഗൗതം എന്ന എക്സ് ഉപയോക്താവാണ് വിഡിയോയും സംഭവത്തെക്കുറിച്ചുളള വിവരങ്ങളും എക്സില്‍ പങ്കുവച്ചിരിക്കുന്നത്. പൊതുസ്ഥലത്ത് ഇയാള്‍ ഇതുപോലെ അക്രമം കാണിക്കുന്നുണ്ടെങ്കില്‍ വീട്ടിലെ അവസ്ഥ ചിന്തിക്കാന്‍ പോലുമാകുന്നില്ല എന്നും വിഡിയോയ്​ക്കൊപ്പം അദ്ദേഹം കുറിച്ചു. കൂടാതെ വിഡിയോ കാണുന്ന ഒഡീഷ പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു എന്നും എക്സ് ഉപയോക്താവ് കുറിച്ചു.

വിഡിയോയില്‍ യുവതിയുടെയും യുവാവിന്‍റെയും മുഖം കാണിക്കുന്നില്ല. ഇവര്‍ ഭാര്യഭര്‍ത്താക്കന്മാരാണോ സുഹൃത്തുക്കളാണോ എന്നൊന്നും വ്യക്തമല്ല. വിഡിയോ സൈബറിടത്ത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. വിഡിയോയില്‍ കാണുന്ന യുവാവിനെതിരെ എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് കമന്‍റുകളും വ്യക്തമാക്കുന്നത്.