ജോലി സമ്മര്‍ദം മൂലം രാജി വക്കുന്നത് ഒരു പുതിയ കാര്യമല്ല. മില്ലേനിയല്‍സിനെ പോലെ എന്തും സഹിച്ച് ജോലിയില്‍ തുടരാതെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്ന ജെന്‍സി ആറ്റിറ്റ്യൂഡ് പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഡല്‍ഹിയിലുള്ള ഒരു ജെന്‍സി യുവാവ് ബാങ്കിങ് മേഖലയിലെ തന്‍റെ ജോലി രാജി വച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, വര്‍ഷം 17 ലക്ഷം രൂപ ശമ്പള പാക്കേജുള്ള ജോലിയാണ് യുവാവ് ഉപേക്ഷിച്ചത്. തനിക്ക് സമാധാനമാണ് വലുതെന്ന് പ്രഖ്യാപിച്ചാണ് യുവാവ് ജോലി രാജിവച്ചത്. കമ്പനിയിലെ ദുരിതങ്ങള്‍ വിവരിച്ചുകൊണ്ടുള്ള യുവാവിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഐഐടി ഡൽഹി ബിരുദധാരിയായ ചിരാഗ് മദാൻ്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓരോ മാസവും 10 കോടി രൂപയുടെ ടാര്‍ഗറ്റ് പൂർത്തിയാക്കാൻ മുകളിൽ നിന്നുള്ള കടുത്ത സമ്മർദമാണുണ്ടായിരുന്നതെന്ന് ചിരാഗ് പറയുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള ജോലി സമയം പലപ്പോഴും 7 മണി വരെ നീണ്ടുപോയി. ആഴ്ചയിൽ 6 ദിവസവും ജോലി ചെയ്യേണ്ടി വന്നു. ഉച്ചഭക്ഷണത്തിന് വെറും 10-15 മിനിറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്. സുഖമില്ലാത്തപ്പോൾ പോലും അവധി ലഭിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും ചിരാഗ് പറഞ്ഞു.
ജോലി രാജി വക്കുന്നതിലേക്ക് തന്നെ പ്രധാനമായും നയിച്ചത് ധാര്‍മികതയാണെന്ന് ചിരാഗ് പറഞ്ഞു. പാവപ്പെട്ട ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ബാങ്ക് നിര്‍ബന്ധിച്ചു. ബാങ്കിന്‍റെ യുഎല്‍പിഐഎസില്‍ നിന്നും മ്യുച്ചല്‍ ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ ഒരു ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നും ലഭിക്കുന്നതിലും കുറവായിരുന്നു. മറ്റു കമ്പനികള്‍ സൗജന്യമായി ട്രേഡിങ് ആപ്പുകള്‍ നല്‍കുമ്പോള്‍ ഞങ്ങളുടെ ആപ്പിന് ഉപഭോക്താക്കള്‍ക്ക് വര്‍ഷം 10,000 രൂപ നല്‍കേണ്ടിവന്നു. ഇതൊന്നും ഞാനെന്‍റെ അച്ഛന് പോലും റെക്കമന്‍റ് ചെയ്യില്ലെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ നിലപാട് ഇന്ത്യയിലെ കോർപ്പറേറ്റ് തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.