black-and-white

‘ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്’ – നിങ്ങള്‍ ഈ സ്വഭാവക്കാരാണോ? ജീവിതത്തിൽ പലപ്പോഴും കാര്യങ്ങളെ രണ്ടേ രണ്ട് കോണുകളിൽ കൂടെ മാത്രം കാണുന്നവര്‍. ഒന്നുകിൽ 'വളരെ നല്ലത്', അല്ലെങ്കിൽ 'വളരെ മോശം'. വിജയം അല്ലെങ്കിൽ പരാജയം. സ്നേഹം അല്ലെങ്കിൽ വെറുപ്പ്. ഇതിനിടയിലുള്ള ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ നമ്മുടെ മനസ്സ് വിസമ്മതിക്കുന്ന അവസ്ഥയെയാണ് 'ബ്ലാക്ക് ആന്‍ഡ് വൈറ്റ് തിങ്കിങ്’ അഥവാ 'ഓൾ ഓർ നത്തിങ് തിങ്കിങ്' എന്ന് വിളിക്കുന്നത്.

കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടെ കാണുന്നതിന് പകരം, തീവ്രമായ രണ്ട് ധ്രുവങ്ങളിൽ നിർത്തി ചിന്തിക്കുന്ന രീതിയാണിത്. രണ്ട് എക്സ്ട്രീമുകള്‍ക്കും ഇടയ്ക്കുള്ള ആ ഗ്രേ ഏരിയയിലാണ് മനുഷ്യര്‍ ബഹുഭൂരിപക്ഷ സമയവും ഉള്ളതെന്ന് കാണാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിന്ത നമ്മെ സമ്മതിക്കില്ല. മനുഷ്യൻ്റെ ചിന്താ പ്രക്രിയയിൽ ഉണ്ടാകുന്ന ഒരു തരം വൈകല്യമാണിത്. 

പരീക്ഷയിൽ 100-ൽ 95 മാർക്ക് വാങ്ങിയ ഒരു വിദ്യാർഥി, ഒന്നാം സ്ഥാനം കിട്ടാത്തതുകൊണ്ട് താൻ ഒരു ‘പരാജയമാണ്’ എന്ന് ചിന്തിക്കുന്നത് ഈ മാനസികാവസ്ഥകൊണ്ടാണ്. ഓഫിസിൽ ഒരു ചെറിയ തെറ്റ് വരുത്തുമ്പോൾ, ‘ഞാൻ ഈ ജോലിക്ക് ഒട്ടും യോഗ്യനല്ല’ എന്ന് സ്വയം വിലയിരുത്തുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തിങ്കിങ് കാരണമാണ്. ഈ രീതിയിലുള്ള ചിന്താഗതി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ദോഷകരമായി ബാധിക്കും.

സുഹൃത്തുക്കളോ പങ്കാളിയോ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്താൽ, അവർ ‘പൂർണ്ണമായും മോശക്കാരാണ്’ എന്ന് ഇവർ വിധിയെഴുതും. ഇത് ബന്ധങ്ങൾ തകരാൻ കാരണമാകുന്നു. ആത്മവിശ്വാസക്കുറവാണ് മറ്റൊരു പ്രശനം. സ്വയം എപ്പോഴും കുറ്റപ്പെടുത്താനും, ചെറിയ പരാജയങ്ങളിൽ പോലും പൂർണ്ണമായി തകർന്നുപോകാനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ ജീവിതത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരികയും, എപ്പോഴും സമ്മർദത്തിലാവുകയും ചെയ്യും. എപ്പോഴും പെർഫെക്റ്റ് ആയിരിക്കണം എന്ന ചിന്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് തിങ്കേര്‍സിനെ കടുത്ത ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കാം.

ഈ ചിന്താരീതിയെ പരിശ്രമത്തിലൂടെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരു കാര്യം പൂർണ്ണമായി പരാജയപ്പെടുന്നതിന് മുൻപ് അതിൽ ചെറിയ വിജയങ്ങൾ ഉണ്ടോ എന്ന് നോക്കുക. ചിലപ്പോൾ എനിക്ക് തെറ്റുപറ്റാം, അതുകൊണ്ട് മാത്രം ഞാൻ മോശക്കാരനല്ല എന്ന് ചിന്തിക്കുക. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. പെർഫെക്റ്റ് ആകാൻ ശ്രമിക്കുന്നതിനേക്കാൾ പ്രധാനം മുന്നോട്ട് പോകുന്നതാണെന്ന് തിരിച്ചറിയുക. സ്വയം കരുണ കാണിക്കുക. ഒരു വ്യക്തിയോട് ദേഷ്യം തോന്നുമ്പോൾ, അവർ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുക.

ജീവിതം സുന്ദരമാകുന്നത് അതിലെ വൈവിധ്യങ്ങൾ കൊണ്ടാണ്. കറുപ്പിനും വെളുപ്പിനും ഇടയിൽ മനോഹരമായ ഒരുപാട് നിറങ്ങളുണ്ട്. നമ്മുടെ ചിന്തകളെ വിശാലമാക്കുക, ജീവിതത്തെ കൂടുതൽ പോസിറ്റീവായി സമീപിക്കുക.

ENGLISH SUMMARY:

Black and white thinking, also known as all-or-nothing thinking, is a cognitive distortion where individuals perceive situations in extremes, neglecting the nuances and gray areas of life. Recognizing and challenging this rigid thought pattern is crucial for improving mental health, fostering healthier relationships, and making more balanced decisions.