Image Credit : Twitter/X/Ai Generated Image

വീട്ടുവളപ്പില്‍ നിന്ന് പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് നാലുവയസുകാരിയെ കെട്ടിയിട്ട് തല്ലി വിമുക്ത ഭടന്‍. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികളില്‍ ചിലരാണ് കുട്ടിയെ രക്ഷിച്ചതും വിഡിയോ ചിത്രീകരിച്ചതും. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതിയായ വിമുക്ത ഭടനെതിരെ കേസെടുത്തു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലു വയസുകാരി തന്‍റെ പറമ്പില്‍ നിന്ന് പേരയ്ക്ക പറിക്കുന്നത് കണ്ട വീട്ടുടമ കുട്ടിയെ ഉടന്‍ തന്നെ പിടിച്ചുകൊണ്ടുവന്ന് വീട്ടിനകത്ത് കെട്ടിയിട്ടു. കയ്യും കാലും കെട്ടിയിട്ട ശേഷം കുട്ടിയെ പൊതിരെ തല്ലുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുട്ടിയുടെ ഉറക്കെയുളള നിലവിളി കേട്ടാണ് അത് വഴിപോകുകയായിരുന്ന ഗ്രാമവാസികള്‍ ശ്രദ്ധിച്ചത്.

വിമുക്ത ഭടന്‍റെ വീട്ടിനകത്ത് നിന്നാണ് കരച്ചില്‍ കേട്ടത് എന്ന് മനസിലാക്കി അകത്തെത്തിയ ഗ്രാമവാസികള്‍ കണ്ടത് അടികൊണ്ട് കരയുന്ന കുട്ടിയെയാണ്. ഗ്രാമവാസികളെ കണ്ടതും 'അങ്കിള്‍ എന്നെ രക്ഷിക്കൂ' എന്നു പറഞ്ഞ് കുട്ടി ഉറക്കെ കരയാന്‍ തുടങ്ങി. നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് വീട്ടുടമയോട് ചോദിച്ചെങ്കിലും അയാള്‍ കുട്ടിയെ കെട്ടഴിച്ച് വിടാനോ മറുപടി നല്‍കാനോ തയാറായില്ല. പകരം വീട്ടിലെത്തിയവര്‍ക്ക് നേരെ ദേഷ്യപ്പെടുകയാണുണ്ടായത്. കുട്ടിയെ രക്ഷിച്ച് ഉടന്‍ തന്നെ ഗ്രാമവാസികള്‍ വീട്ടുകാരെ ഏല്‍പ്പിച്ചു. കൂട്ടത്തിലൊരാള്‍ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. 

എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് പ്രചരിച്ചതോടെ വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടുകയും പൊലീസ് സ്വമേധയാ വിമുകത ഭടനെതിരെ കേസെടുക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

A four-year-old girl was tied up and beaten by an ex-serviceman in Himachal Pradesh for allegedly plucking a guava from his property. The incident came to light after villagers rescued the crying child and recorded a video that went viral on social media, prompting police to register a case against the accused.