Image Credit : Twitter/ Facebook
മഹാരാഷ്ട്ര ശിവസേന നേതാവും മുന്‍ എംപിയുമായ വിനായക് റാവത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ ഗിരിജ റാവത്ത് രംഗത്ത്. ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്ന ഭര്‍തൃകുടുംബം തന്നെക്കൊണ്ട് ഗോമൂത്രം കുടിപ്പിക്കുകയും തലമുടി പിഴുതെടുക്കുന്നതടക്കമുളള കുറ്റകൃത്യങ്ങള്‍ക്ക് വിധേയയാക്കിയെന്നും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. നിരന്തരം മന്ത്രവാദികളെ കാണാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും പലയിടത്തും അതിനായി കൂട്ടിക്കൊണ്ടുപോയിരുന്നെന്നുമാണ് മരുമകള്‍ ഗിരിജ റാവത്തിന്‍റെ ആരോപണം.
വിനായക് റാവത്ത്, ഭർത്താവ് ഗിതേഷ് റാവത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നിങ്ങനെ നാല് പേര്‍ക്കെതിരെയാണ് ഗിരിജ പരാതി നല്‍കിയിരിക്കുന്നത്. ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പലതവണ പട്ടിണിക്കിട്ടതായും ഗിരിജ റാവത്ത് ആരോപിച്ചു. 2017ലാണ് ഗിതേഷുമായുളള ഗിരിജയുടെ വിവാഹം നടന്നത്. 2018 വരെ ഭര്‍ത്താവുമായി തനിക്ക് ശാരീരികബന്ധം ഉണ്ടായിരുന്നില്ലെന്നും ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ തന്നെ മന്ത്രവാദികളുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം അമാനുഷിക ശക്തികളാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ വിശ്വസിച്ചിരുന്നതെന്നും കൂടോത്രം അടക്കം പലകാര്യങ്ങള്‍ തന്നെ അവര്‍ വിധേയയാക്കിയെന്നും ഗിരിജയുടെ പരാതി വ്യക്തമാക്കുന്നു. മന്ത്രവാദികൾ കോഴിയെ ഉപയോഗിച്ച് ദുരാചാരങ്ങള്‍ നടത്തുകയും, മാവ് കൊണ്ട് പാവകളുണ്ടാക്കി അവയിൽ സൂചി കുത്തിയിറക്കുകയും ചെയ്തതായി ഗിരിജ പരാതിയിൽ പറയുന്നു. ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചതായും, മഞ്ഞൾപ്പൊടിയും അഗർബത്തിയുടെ പൊടിയും കഴിക്കാൻ നൽകിയതായും ഗിരിജ ആരോപിക്കുന്നു. തന്‍റെ ഉപയോഗിച്ച വസ്ത്രങ്ങൾ മന്ത്രവാദികൾക്ക് നൽകുകയും മുടി പറിച്ചെടുക്കുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തികൾ തന്നെ കടുത്ത മാനസികാഘാതത്തിന് വിധേയയാക്കിയെന്നും ഗിരിജ വ്യക്തമാക്കി.
ഗിരിജയുടെ പരാതിയില്‍ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, 2 മന്ത്രവാദികള്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2013-ലെ മഹാരാഷ്ട്ര നരബലി, മറ്റ് അമാനുഷിക–അഘോരി ആചാരങ്ങൾ, മന്ത്രവാദം എന്നിവ തടയലും നിർമ്മാർജ്ജനവും സംബന്ധിച്ച നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് വിനായക് റാവത്തിന്‍റെ ആരോപണം.