രാഘവ് ഛദ്ദയും ഭാര്യ പരിണീതിയും (ഫയല്‍ ചിത്രം : PTI)
രാജ്യസഭ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് ആം ആദ്മി പാര്‍ട്ടി നീക്കിയതിന് പിന്നാലെ എഎപി എംപി രാഘവ് ഛദ്ദ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് റീഷെയര്‍ ചെയ്ത് ഭാര്യയും ബോളിവുഡ് നടിയുമായ പരിണീതി ചോപ്ര. ഇന്‍സ്റ്റഗ്രാമിലാണ് പരിണീതിയുടെ കുറിപ്പ്. പാര്‍ലമെന്‍റിലെ രാഘവിന്‍റെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
അശോക് മിത്തലിനെയാണ് രാഘവിന് പകരം എഎപി നേതൃസ്ഥാനത്തേക്ക് നിയോഗിച്ചത്. ഇക്കാര്യം രാജ്യസഭാ സെക്രട്ടേറിയറ്റിനെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനം വന്നതിന് പിന്നാലെ പാര്‍ലമെന്‍റില്‍ താന്‍ നടത്തിയ പ്രസംഗങ്ങള്‍ ചേര്‍ത്ത് വിഡിയോയും പങ്കുവച്ചു. 'നിശബ്ദനാക്കാം, പക്ഷേ തോല്‍ക്കില്ല' എന്നായിരുന്നു വിഡിയോ തമ്പ്നെയിലില്‍ രാഘവ് കുറിച്ചിരുന്നത്. പാര്‍ലമെന്‍റില്‍ കാര്യഗൗരവമുള്ള വിഷയങ്ങള്‍ രാഘവ് ഉയര്‍ത്തിയില്ലെന്നും മോദിയെ വിമര്‍ശിച്ചില്ലെന്നുമാണ് എഎപി രാഘവിന്‍റെ പോരായ്മയായി പറഞ്ഞത്.
എന്നാല്‍ എഎപിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനവും ട്രോളുകളും നിറയുന്നുണ്ട്. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളാണ് രാഘവ് പാര്‍ലമെന്‍റില്‍ ഉയര്‍ത്തിക്കാട്ടിയതെന്ന് റീച്ചാര്‍ജ് വിഷയവും, മധ്യവര്‍ഗത്തിന്‍റെ നികുതിഭാരവും, അനധികൃത ബാങ്കിങ് ചാര്‍ജുകളും, പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമെല്ലാം സൂചിപ്പിച്ച് ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് താന്‍ ഉയര്‍ത്തിയതെന്ന് രാഘവും കുറിച്ചിരുന്നു.'പാര്‍ലമെന്‍റില്‍ അങ്ങനെ ആരും ഉയര്‍ത്താത്ത വിഷയങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ സംസാരിക്കുന്നത് കുറ്റമാണോ? ഞാന്‍ തെറ്റു ചെയ്തോ? പിഴവ് വരുത്തിയോ? ജനങ്ങളുടെ നന്‍മ ലക്ഷ്യമിട്ടുള്ളത് മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ'വെന്നും താരം വിശദീകരിക്കുന്നു.
2024 ല്‍ ഉദയ്പുരില്‍ വച്ചാണ് രാഘവ് ഛദ്ദയും പരിണീതിയും വിവാഹിതരായത്. 2025 ഒക്ടോബറില്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു. അമര്‍ സിങ് ചംകിലയിലാണ് പരിണീതി അവസാനിമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് സീരിസായ 'തലാഷ്: എ മദേഴ്സ് സെര്‍ച്ച്' വൈകാതെ റിലീസാവും.