ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. 7 എം.പിമാർ ബി.ജെ.പിയിൽ ലയിച്ചതിന് ഔദ്യോഗിക അംഗീകാരം. ഇതോടെ  രാജ്യസഭയിൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 113 ആയി. മുൻകാല വിധികൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് എ.എ.പി ആലോചന. ഇതിനിടെ രാഘവ് ഛദ്ദക്ക് എതിരെ പ്രതിഷേധിച്ച 7 എ.എ.പി നേതാക്കള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. 

രാഘവ് ഛദ്ദ അടക്കമുള്ള 7 എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.പി നല്‍കിയ പരാതി തള്ളിയാണ് രാജ്യസഭാധ്യക്ഷന് ബിജെപിയിലേക്കുള്ള ലയനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്. അഴിമതിയും വിട്ടുവീഴ്ചകളുമുള്ള  നേതൃത്വത്തിന് കീഴിലാണ് എ.എ.പി എന്ന് ആരോപിച്ചാണ് എം.പിമാർ വെള്ളിയാഴ്ച ബി.ജെ.പിയിൽ ചേര്‍ന്നത്. ഇതോടെ  രാജ്യസഭയിൽ ആം ആദ്മി പാർട്ടി അംഗബലം മൂന്നായി ചുരുങ്ങുകയും, ബി.ജെ.പിയുടെ 113 ആയി ഉയരുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമത്തിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ചട്ടം ഉപയോഗിച്ചാണ് എം.പിമാർ അയോഗ്യത മറികടന്നത്. എ.എ.പി വിഷലിപ്തമെന്നും നിരാശയും വെറുപ്പും കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും രാഘവ് ഛദ്ദ.

സുപ്രീംകോടതിയെ സമീപിക്കാനുള്ള നിയമോപദേശം എ.എ.പി തേടി. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ കെജ്‌രിവാൾ ബംഗാളിൽ പ്രചാരണത്തിന് പോയി എന്ന അത്യപ്‌തി ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എംപിമാർക്കെതിരായ പ്രവർത്തകരുടെ പ്രതിഷേധം വിവിധ ഇടങ്ങളിൽ തുടരുകയാണ്. രാഘവ് ഛദ്ദയുടെ മുംബൈയിലെ വസതിക്കു മുമ്പിൽ പ്രതിഷേധിച്ച 7 പേർക്കെതിരെ ഖാർ പൊലീസ് കേസെടുത്തു. എം.പിമാരെയും എം.എൽ.എമാരെയും ബി.ജെ.പി വിൽപനച്ചരക്കാക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.

ENGLISH SUMMARY:

Aam Aadmi Party faced a significant setback as seven of its Members of Parliament officially merged with the Bharatiya Janata Party, increasing the BJP's strength in the Rajya Sabha to 113. The AAP is reportedly considering approaching the Supreme Court against this development, citing previous rulings, while facing internal dissent and protests.