ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി രാജ്യസഭാ അധ്യക്ഷനെ സമീപിച്ചു. ഇതുസംബന്ധിച്ച് എഎപി എംപി സഞ്ജയ് സിങ് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് കത്ത് നൽകി. എംപിമാരുടെ നടപടി ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് എഎപി ആരോപിച്ചു.
വെള്ളിയാഴ്ചയാണ് എഎപിയുടെ പത്ത് രാജ്യസഭാ എംപിമാരിൽ ഏഴ് പേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവരാണ് ബിജെപിയിൽ ലയിച്ചത്. പാർട്ടി ടിക്കറ്റിൽ ജയിച്ച ശേഷം മറ്റൊരു പാർട്ടിയിൽ ചേരുന്നത് വഞ്ചനയാണെന്നും ആവശ്യമെങ്കിൽ ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഭരണഘടനയനുസരിച്ച് ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാർക്ക് മറ്റൊരു പാർട്ടിയിൽ ലയിക്കാമെങ്കിലും, എഎപിയുടെ പത്ത് എംപിമാരിൽ ഏഴ് പേരുടെ നീക്കം നിയമപരമായി നിലനിൽക്കില്ലെന്നാണ് പാർട്ടിയുടെ വാദം. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് കേസുകളിലെ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് എഎപി ഈ വാദം ഉന്നയിക്കുന്നത്.
പാർട്ടി വിട്ട ഏഴ് എംപിമാരിൽ ആറ് പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. വഞ്ചനാരോപിച്ച് പഞ്ചാബിലെ വിവിധയിടങ്ങളിൽ എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മൊഹാലി, അമൃത്സർ, ജലന്ധർ തുടങ്ങി പ്രമുഖ നഗരങ്ങളിൽ എംപിമാരുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പഞ്ചാബിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാൻ സഭയിലേക്ക് അയച്ചവർ ജനങ്ങളെ വഞ്ചിച്ചുവെന്ന് പഞ്ചാബ് മന്ത്രി ഹർഭജൻ സിംഗ് വിമർശിച്ചു. എന്നാൽ പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടാണെന്നും എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു.
അതിനിടെ, മുന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ ഔദ്യോഗിക വസതിയെ ചൊല്ലി ബിജെപി പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് 'ശീശ് മഹൽ 2' ആണെന്നും സ്വകാര്യ പണം ഉപയോഗിച്ചാണ് അവിടെ ആഡംബര സൗകര്യങ്ങൾ ഒരുക്കിയതെന്നും ബിജെപി നേതാവ് പർവേഷ് സാഹിബ് സിംഗ് ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങളെ എഎപി ശക്തമായി തള്ളിക്കളഞ്ഞു. ബിജെപി പുറത്തുവിട്ട ചിത്രങ്ങൾ വ്യാജമാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെയും നേതാക്കൾക്കെതിരെയും മാനനഷ്ടത്തിന് കേസെടുക്കുമെന്നും സഞ്ജയ് സിങ് മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.