പ്രതീകാത്മക ചിത്രം, AP
കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ത്യാക്കാരെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിങ് ആപ്പായ ഗ്ലീഡൻ (Gleeden) നടത്തിയ ഏറ്റവും പുതിയ സർവ്വേ ഫലങ്ങൾ അമ്പരപ്പുളവാക്കുന്നതാണ്. വിവാഹബന്ധം പവിത്രമായി കാണുന്നതിനൊപ്പം തന്നെ രഹസ്യപ്രണയങ്ങളും ബന്ധങ്ങളും ഒരു വലിയ വിഭാഗത്തിനിടെയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നാലു ദശലക്ഷം ഇന്ത്യക്കാര്‍ വിവാഹേതര ബന്ധങ്ങള്‍ക്കായി ഡിജിറ്റല്‍ ആപ്പുകളെ ആശ്രയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. ഗ്ലീഡനില്‍ സബ്സ്ക്രൈബേഴ്സ് ആയി നാലു ദശലക്ഷം വിവാഹിതരുണ്ടെന്ന് പറയുമ്പോള്‍ അതിന് വ്യത്യസ്ഥ അര്‍ഥ തലങ്ങളുണ്ടെന്ന് ചുരുക്കം. വിവാഹത്തിലും വ്യക്തിബന്ധങ്ങളിലുമുള്ള അസംതൃപ്തിയും സന്തോഷവും പ്രണയവും അംഗീകാരവുമെല്ലാം ഈ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.
ഡേറ്റിങ് ആപ്പുകളുടെ വളര്‍ച്ച കൂടുന്നുവെന്ന് പറയുമ്പോള്‍ ആളുകളുടെ മനോഭാവത്തിലുള്ള മാറ്റം കൂടിയാണ് ഈ പഠനത്തിലൂടെ എടുത്തുപറയപ്പെടുന്നത്. 2024-ൽ 25നും 50നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ നടത്തിയ പഠനമാണ് ഈ വാര്‍ത്തയുടെ അടിസ്ഥാനം. രണ്ട് നഗരങ്ങളിലെ 1,503 വിവാഹിതരായ ഇന്ത്യക്കാർക്കിടയിലാണ് ഗ്ലീഡൻ പഠനം നടത്തിയത്. പ്രാധാന്യത്തോടെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും അതേ തീവ്രതയോടെ രഹസ്യബന്ധങ്ങളും ഇന്ത്യക്കാര്‍ സൂക്ഷിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പഠനത്തില്‍ പങ്കെടുത്ത 60 ശതമാനം പേരും വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. ഓപ്പൺ റിലേഷൻഷിപ്പ്, റിലേഷൻഷിപ്പ് അനാർക്കി എന്നിവയിലും താത്പര്യം വര്‍ധിച്ചുവരുന്നുണ്ട്. ഇത് ഗ്ലീഡന്‍ ആപ്പുമായി ബന്ധപ്പെട്ട കണക്കാണെങ്കില്‍ സമാനാവസ്ഥയാണ് മറ്റു ഡേറ്റിങ് ആപ്പുകളിലുമുള്ളത്. വിവാഹേതര ബന്ധങ്ങള്‍ക്കായി പല ആപ്പുകളും പരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ആഷ്‌ലി മാഡിസൺ’ എന്ന ആഗോള ഡേറ്റിങ് ആപ്പ് പുറത്തുവിട്ട 2025 ജൂണിലെ കണക്കുകൾ പ്രകാരം, ക്ഷേത്രങ്ങൾക്കും പട്ടുസാരികൾക്കും താലിബന്ധത്തിനും പേരുകേട്ട തമിഴ്‌നാട്ടിലെ കാഞ്ചീപുരം ഇത്തരം ബന്ധങ്ങളുടെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നാണ് പറയുന്നത്.
പണ്ടുകാലത്ത് നിഷിദ്ധമെന്ന് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നിശബ്ദമായി അംഗീകരിക്കപ്പെട്ടു തുടങ്ങുന്നുവെന്നാണ് ഗ്ലീഡന്‍ പറയുന്നത്. പങ്കാളികള്‍ക്ക് അറിവുണ്ടെങ്കില്‍പ്പോലും പലപ്പോഴും കുടുംബം തകരാതിരിക്കാനും മറ്റുമായി മിണ്ടാതെയിരിക്കുകയാണെന്ന് മുംബൈയിൽ മാർക്കറ്റിങ് അനലിസ്റ്റായ സ്നിഗ്ധ ഘോഷ് പറയുന്നു. അതേസമയം കൗതുകത്തിനും ആവേശത്തിനും വേണ്ടിയാണ് ഡേറ്റിങ് ആപ് ഉപയോഗിക്കുന്നതെന്ന് പറയുന്നരും ഇക്കൂട്ടത്തിലുണ്ട്.
ഗ്ലീഡന്‍ ആപിലെ ഇന്ത്യയിലെ സബ്സ്ക്രൈബേഴ്സില്‍ 65ശതമാനം പുരുഷന്‍മാരും 35ശതമാനം സ്ത്രീകളുമാണ്. ഭൂരിഭാഗം പേരും വിവാഹിതരോ മറ്റ് ദീര്‍ഘകാല പ്രണയബന്ധങ്ങളുള്ളവരോ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 148ശതമാനം വര്‍ധനവാണ് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ 3വരേയും രാത്രി 10 മുതല്‍ അര്‍ധരാത്രി വരേയുമാണ് കൂടുതല്‍ പേരും ഡേറ്റിങ് ആപ്പുകളില്‍ ചിലവഴിക്കുന്നത്.
ഒന്നര മണിക്കൂറോളം ഡേറ്റിങ് ആപ്പുകളില്‍ ചാറ്റിങ് നടത്തുന്നവരുണ്ട്. പുരുഷന്‍മാര്‍ 25 മുതല്‍ 30വരെ പ്രായമുള്ള സ്ത്രീകളേയും സ്ത്രീകള്‍ 30 മുതല്‍ 40വരെ പ്രായമുള്ള പുരുഷന്‍മാരേയുമാണ് കൂടുതലും താല്‍പ്പര്യപ്പെടുന്നതെന്നും ഡാറ്റകള്‍ വ്യക്തമാക്കുന്നു. ബെംഗളൂരുവാണ് ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉള്ള നഗരം. തൊട്ടുപിന്നാലെ ഹൈദരാബാദ്, ഡെല്‍ഹി, മുംബൈ, പുനെ എന്നിവയുമുണ്ട്. സ്ത്രീകളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് ഗ്ലീഡന്‍ ആപിനെ തന്നെ അമ്പരപ്പിക്കുന്നത്.