AFC ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. രാത്രി 7നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മല്‍സരം. യോഗ്യത നേടാതെ നേരത്തെ പുറത്തായ ഇന്ത്യയുടെ ലക്ഷ്യം ആശ്വാസജയവും ഫിഫ റാങ്കിങ്ങിൽ മുന്നേറ്റവുമാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 140–ാമതും ഹോങ്കോങ് 151–ാം സ്ഥാനത്തുമാണ്.
കളിക്കപ്പുറം ജിസിഡിഎയുടെ പണമെന്ന അത്യാർത്തിയും മറികടന്നാണ് കൊച്ചിയിൽ ഇന്ത്യ ഹോങ്കോങ്ങിനെതിരെ ഇറങ്ങുന്നത്. ഗ്രൂപ്പ് 'സി'യിൽ 8 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ്ങിനു യോഗ്യത നേടാൻ നേരിയ സാധ്യത ബാക്കിയുണ്ട്. മികച്ച ഗോൾ ശരാശരിയോടെ ഇന്ത്യയെ വീഴ്ത്തുകയും ഗ്രൂപ്പിൽ 11 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂർ ഇന്നു ബംഗ്ലദേശിനോടു വലിയ തോൽവി വഴങ്ങുകയും ചെയ്താൽ മാത്രമേ ഹോങ്കോങ്ങിനു നേരിയ പ്രതീക്ഷയ്‌ക്കെങ്കിലും വകയുള്ളൂ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 140–ാമതും ഹോങ്കോങ് 151–ാം സ്ഥാനത്തുമാണ്.
യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനോടു തോറ്റ ഇന്ത്യൻ ടീമിൽ കോച്ച് ഖാലിദ് ജമീൽ വരുത്തിയതു 14 മാറ്റങ്ങൾ. ഗോൾകീപ്പർ ആൽബിനോ തോമസ്, നിഖിൽ പൂജാരി, അഭിഷേക് സിങ് തെക്‌ചാം, റോഷൻ സിങ് നവോറം തുടങ്ങിവരെ പരിശീലകൻ തിരിച്ചു വിളിചിരുന്നു. മുൻ മത്സരങ്ങളിൽ 'ഡിഫൻസ് ഫസ്റ്റ്' നയം സ്വീകരിച്ച ജമീൽ ഹോങ്കോങ്ങിനെതിരെ കൂടുതൽ ആക്രമണ ശൈലി സ്വീകരിച്ചേക്കും. നിഖിൽ പൂജാരി, ആഷിക് കുരുണിയൻ, ലിസ്റ്റൻ കൊളാസോ, മൻവീർ സിങ് തുടങ്ങിയവർ വിങ്ങുകളിലൂടെ കുതിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇന്ത്യൻ പൗരത്വം സ്വീകരിച്ചു 'സ്വദേശിയായി' മാറിയ ഓസ്ട്രേലിയൻ ഫോർവേഡ് റയാൻ വില്യംസും ടീമിലുണ്ട്.
സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർക്കൊപ്പം പ്രതിരോധ താരം ബിജോയ് വർഗീസും ടീമിൽ ഇടം നേടിയപ്പോൾ മലയാളികൾക്ക് ആഹ്ളാദിക്കാൻ മറ്റൊരു കാരണം കൂടിയായി. പത്താണ്ടിനു ശേഷം കേരളത്തിന്‍റെ മണ്ണിൽ, കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സീനിയർ ദേശീയ ടീം ജഴ്സി അണിയുന്നതിന്‍റെ ആവേശത്തിലാണു മലയാളി ഫുട്ബോൾ ആരാധകപ്പട.
ഒടുവിൽ, ഇന്ത്യ കലൂരിൽ കളിച്ചതു 2016 മാർച്ച് 29 നായിരുന്നു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ചാൽ അത് ഹോങ്കോങ്ങിനെതിരെയുള്ള കേവല ജയം മാത്രം ആകില്ല, പകരം കാശിന് വേണ്ടി ദേശീയ ടീമിനെ വരെ ആട്ടിയോടിക്കുന്ന ജിസിഡിഎ ക്കെതിരായ ജയം കൂടി ആകും.