മെസ്സി എന്ന ഫുട്ബോൾ ഇതിഹാസം വീണ്ടും കളിക്കളത്തിൽ വിസ്മയം തീർത്തിരിക്കുകയാണ്! അള്‍ജീരിയക്കെതിരെ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി തകർപ്പൻ ഹാട്രിക്. അത് കേവലം മൂന്ന് ഗോളുകളുടെ കണക്ക് മാത്രമല്ല; കരിയറിന്റെ അവസാന ഘട്ടത്തിലും അദ്ദേഹം നിലനിർത്തുന്ന അസാധാരണമായ കളി മികവിന്റെ തെളിവ് കൂടിയാണ്.
മെസ്സിയുടെ മൂന്നാം ഗോള്‍ വീണപ്പോള്‍ നമ്മളെല്ലാവരും 'ഹാട്രിക്', ഹാട്രിക് എന്ന് ആര്‍ത്തുവിളിച്ചു. എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാണ് ഇത്തരം നേട്ടങ്ങള്‍ക്ക് ഹാട്രിക് എന്ന് വിളിക്കുന്നതെന്ന്? ഫുട്ബോളില്‍ മാത്രമല്ല, മറ്റ് കായികയിനങ്ങളിലും അതിന് പുറത്തുള്ള മേഖലകളിലുമെല്ലാം കേള്‍ക്കാം ഹാട്രിക് എന്ന്. മൂന്നുവട്ടം ഗോള്‍ നേടുമ്പോഴോ വിജയിക്കുമ്പോഴോ ഒക്കെയാണ് ഹാട്രിക് നേട്ടമായി കണക്കാക്കുന്നത്.
മെസിയുടെ ഹാട്രിക് ഫുട്ബോളിലാണെങ്കില്‍ ശരിക്കുള്ള ഹാട്രിക് പിറവിയെടുത്തത് ക്രിക്കറ്റിലാണ്. അതും പത്തൊന്‍പതാം നൂറ്റാണ്ടില്‍. 1858-ൽ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ നടന്ന ഒരു മത്സരത്തിലാണ് ഈ വാക്കിന്റെ ജനനം. ഓള്‍ ഇംഗ്ലണ്ട് സ്ക്വാഡും ഹാലം ടീമും തമ്മില്‍ നടന്ന കളിയില്‍ എച്ച്.എച്ച്. സ്റ്റീഫൻസൺ തുടർച്ചയായ മൂന്ന് പന്തുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രിക്കറ്റ് ചരിത്രത്തിൽ അതുവരെ സംഭവിച്ചിട്ടില്ലാത്ത ആ പ്രകടനത്തെ ആദരിക്കാൻ കാണികൾ ഒരു പ്രത്യേക വഴി കണ്ടെത്തി.
അന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ പണപ്പിരിവ് നടത്തി, ആ തുക കൊണ്ട് ഒരു തൊപ്പി അഥവാ ഹാറ്റ് വാങ്ങി അദ്ദേഹത്തിന് സമ്മാനിച്ചു. ഈ ചരിത്ര സംഭവത്തിൽ നിന്നാണ് 'Hat-trick' എന്ന പ്രയോഗം രൂപപ്പെടുന്നത്. അങ്ങനെ തുടർച്ചയായി മൂന്നുവട്ടം വിജയം നേടുന്നതിനെ 'ഹാട്രിക്' (Hat-trick) എന്ന് വിളിക്കാൻ തുടങ്ങി. പിൽക്കാലത്ത്, അത് ഫുട്ബോളിലേക്കും മറ്റ് കായിക വിനോദങ്ങളിലേക്കും പടരുകയായിരുന്നു.
ഇനി മെസ്സിയുടെ കാര്യത്തിലേക്ക് വരാം. മെസ്സി ഒട്ടേറെ ഹാട്രിക്കുകൾ നേടിയിട്ടുണ്ടെങ്കിലും, ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഹാട്രിക് കുറിച്ചത് മെസ്സിയല്ല. അത് 1930-ലെ ഉദ്ഘാടന ലോകകപ്പിൽ അമേരിക്കൻ താരമായിരുന്ന ബെർട്ട് പറ്റ്നൗഡ് ആണ്. ചരിത്രം എന്തായാലും, കളിമികവില്‍ മെസ്സിക്കൊപ്പമെത്താന്‍ ഒരുപാട് പേരുകളൊന്നും ഫുട്ബോള്‍ ചരിത്രത്തില്‍ ഇല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ഹാട്രിക്കുകളും വേറിട്ടുതന്നെ നില്‍ക്കും.