Image: Instagram,Deepak Kumar

ബജ്റങ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും മുസ്‌ലിം വ്യാപാരിയെ രക്ഷിക്കും മുന്‍പ് തന്റെ ജിമ്മില്‍ 150 പേര്‍ പരിശീലനത്തിനെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ വെറും 15 പേരേ വരുന്നുള്ളൂവെന്ന് വേദനയോടെ പറയുന്നു ഉത്തരാഖണ്ഡിലെ ഹള്‍ക്ക് ജിം ഉടമ ദീപക് കുമാര്‍. ഇതെന്തൊരു അവസ്ഥയെന്ന ചോദ്യമുയര്‍ത്തുകയാണ് ഈ യുവാവ്.

70കാരനായ മുസ്‌ലിം വ്യാപാരിയെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ തന്റെ പേര് മുഹമ്മദ് ദീപക് എന്ന് മാറ്റി പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ യുവാവിന്റെ കുടുംബം. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായി മാസം 40,000 രൂപയാണ് വാടക. ഭവനവായ്പയിനത്തില്‍ 16,000 രൂപയും അടയ്ക്കണം, ഇതിനും പുറമേയാണ് വീട്ടുചിലവ്. 70കാരിയായ അമ്മ നടത്തുന്ന ചായക്കട മാത്രമാണ് ദീപക്കിന്റെ നിലവിലെ ജീവിതോപാധി. 

ജനുവരി 26നാണ് ദീപക്കിന്റെ ജീവിതം തന്ന മാറ്റിമറിച്ച സംഭവം നടക്കുന്നത്. വാക്കില്‍  അഹമ്മദ്  എന്ന വ്യാപാരിയു‌ടെ ‘ബാബ സ്കൂള്‍ ഡ്രസ്’ എന്ന കട ലക്ഷ്യമിട്ട് ഒരു സംഘം ബജ്റങ്ദള്‍ പ്രവര്‍ത്തകരെത്തി. കടയുടെ പേരില്‍ നിന്നും ‘ബാബ’ ഒഴിവാക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. സിദ്ദബാലി ബാബ ക്ഷേത്രത്തിന് സമീപത്തായതിനാല്‍ അത് പേരില്‍ സംശയങ്ങളുണ്ടാക്കുമെന്ന് പറഞ്ഞാണ് പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്.  

അതേസമയം ബാബ എന്ന പേര് ഉപയോഗിക്കുന്ന നിരവധി കടകള്‍ ആ ഭാഗത്തുണ്ടെന്നും മതത്തിന്റെ പേരിലുള്ള ആക്രമണമാണിതെന്നും ആക്ഷേപമുയര്‍ന്നു. ഇതിനിടെ പ്രശ്നത്തില്‍ ഇടപെട്ട ദീപക് കുമാറിനോട് സംഘം പേര് ചോദിച്ചപ്പോള്‍ മുഹമ്മദ് ദീപക് എന്ന് മറുപടി നല്‍കി. സംഭവം പുറത്തുവന്നതിനു പിന്നാലെ ദീപകിന് സോഷ്യല്‍മീഡിയ ഉള്‍പ്പെടെ നല്‍കിയത് താരപരിവേഷം. 

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ദീപക്കിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്തതും രാജ്യത്തിന്റെ ഹീറോയെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതും വലിയ വാര്‍ത്തകളായി. എന്നാല്‍ ഇതൊന്നും ദീപക്കിന്റെ ജീവിതസാഹചര്യങ്ങളെ ഉയര്‍ത്തിയില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന ക്ലയന്റ്സിനെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുമെത്തി. അതേസമയം  മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമി സംഭവത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ഒരാള്‍ ഹിന്ദുപേരിന് മുന്‍പില്‍ മുഹമ്മദ് എന്ന് ചേര്‍ക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ധാമിയുടെ നിലപാട്. 

ENGLISH SUMMARY:

Hulk gym owner Deepak Kumar is facing severe financial hardship after rescuing a Muslim trader from Bajrang Dal activists. His gym attendance has dropped drastically, impacting his family's livelihood and ability to pay rent and loan installments.