• ന്യൂയോര്‍ക്ക് ടൈംസിന്‍റേത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ തലക്കെട്ടാണ്. പാക്കിസ്ഥാനി കശ്മീര്‍ എന്നൊന്ന് ഇല്ല. പാക് അധിനിവേശ കശ്മീരാണ് ഉള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശമാണ്'

പാക് അധിനിവേശ കശ്മീരിലെ പാക്കിസ്ഥാനി കശ്മീര്‍ എന്ന് തലക്കെട്ടില്‍ വിശേഷിപ്പിച്ച സംഭവത്തില്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമായ പ്രയോഗമാണിതെന്നും കശ്മീര്‍ എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. 

പാക് അധിനിവേശ കശ്മീരിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവേയാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു വാക്ക് പ്രയോഗിച്ചത്. ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റിയും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വാര്‍ത്തയിലാണ് പരാമര്‍ശം. അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും സാധാരണക്കാരായ നിരായുധരായ മനുഷ്യര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വാര്‍ത്തയുടെ തലക്കെട്ടിലാണ് വിവാദ പരാമര്‍ശം. 

തലക്കെട്ട് തള്ളി നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ എംബസി വിയോജിപ്പും വിമര്‍ശനവും സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. 'ന്യൂയോര്‍ക്ക് ടൈംസിന്‍റേത് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ തലക്കെട്ടാണ്. പാക്കിസ്ഥാനി കശ്മീര്‍ എന്നൊന്ന് ഇല്ല. പാക് അധിനിവേശ കശ്മീരാണ് ഉള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശമാണ്. അത് അങ്ങനെ തന്നെ തുടരും. പാക്കിസ്ഥാന്‍ അനധികൃതമായി ഈ പ്രദേശത്തെ സ്ഥലങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയും അവിടെയുള്ള ജനങ്ങള്‍ക്ക് മേല്‍ ഇപ്പോള്‍ അക്രമം നടത്തുകയുമാണ്' എന്നായിരുന്നു യുഎസിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്. 

തിങ്കളാഴ്ചയാണ് പാക് അധിനിവേശ കശ്മീരില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് നീതിപൂര്‍വമല്ലെന്ന് ആരോപിച്ചാണ് ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചത്. ഇതില്‍ പൊലീസ് നടപടിയുണ്ടായി. നിരവധി പ്രവര്‍ത്തകരെ പൊലീസ് വെടിവച്ച് കൊന്നുവെന്നും സാധാരണക്കാര്‍ക്ക് നേരെയും അക്രമം തുടരുന്നുവെന്നും ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 

ENGLISH SUMMARY:

India strongly condemned The New York Times for using the term "Pakistani Kashmir" in a headline reporting on election-related clashes in Pakistan-Administered Kashmir (PoK), where violence between police and the Joint Awami Action Committee left two people dead. The Indian Embassy in the United States immediately took to social media to reject the misleading phrasing, reiterating that Jammu and Kashmir and Ladakh are integral parts of India and that Pakistan illegally occupies the territory. The clashes erupted after the Joint Awami Action Committee protested against the fairness of the elections that began on Monday, accusing security forces of unprovoked violence and firing on unarmed civilians.