ഉച്ചക്കഞ്ഞി ഓര്‍മയുണ്ടോ? ഗവണ്‍മെന്റ് സ്കൂളുകളില്‍ പഠിച്ചുവളര്‍ന്ന ഭൂരിഭാഗം മലയാളികളുടെയും ബാല്യകാല ഓര്‍മകളില്‍ ഉച്ചക്കഞ്ഞിക്ക് പ്രത്യേക സ്ഥാനമുണ്ട്. കഞ്ഞിയും പുഴുങ്ങിയ കടലയും മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബിരിയാണിയും പുലാവും വരെ സ്കൂള്‍ ഉച്ചഭക്ഷണ മെനുവിലെത്തി. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉച്ചഭക്ഷണം വീണ്ടും ചോറും രണ്ട് കറികളും എന്ന രീതിയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
കേരളത്തിലെ ഉച്ചഭക്ഷണത്തെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും ധാരണയുണ്ട്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് എന്താണ് കഴിക്കുന്നത്? പഴങ്കഞ്ഞിയും ഉണക്കമീനും വിളമ്പുന്ന സംസ്ഥാനമുണ്ടോ? മുളങ്കൂമ്പും പന്നിയിറച്ചിയും സ്കൂള്‍ മെനുവിലുള്ള സംസ്ഥാനങ്ങളുണ്ടോ? രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കൗതുകകരമായ സ്കൂള്‍ ഉച്ചഭക്ഷണങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് പൊതുവെ ഏറ്റവും സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നത്. പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ആവശ്യത്തിന് ഉള്‍പ്പെടുന്ന മെനുവാണ് ഇവിടങ്ങളിലെ പ്രത്യേകത.
ഇന്ത്യയില്‍ ആദ്യമായി സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ സംസ്ഥാനം തമിഴ്നാടാണ്. 1956 മുതല്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലുണ്ട്. സാമ്പാര്‍ സാദം, തൈര്‍ സാദം, വിവിധ കറികള്‍ എന്നിവയാണ് പ്രധാന മെനു. പുതിയ ടിവികെ സര്‍ക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കര്‍ണാടകയില്‍ സാധാരണയായി സാമ്പാറും ചോറുമാണ് ഉച്ചഭക്ഷണം. എല്ലാ വെള്ളിയാഴ്ചയും ബിസിബെളെ ബാത്ത് നല്‍കും. ചില സ്കൂളുകളില്‍ മൈസൂര്‍ താളിയും റാഗി മുദ്ദെയും മെനുവിലുണ്ട്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആഴ്ചയില്‍ ഒരിക്കല്‍ ഹൈദരാബാദി ബിരിയാണിയും മറ്റ് ദിവസങ്ങളില്‍ പുലിഹോര, റാഗി സംഗതി, ചേപല പുലുസു (മീന്‍ കറി) എന്നിവയാണ് പ്രധാന വിഭവങ്ങള്‍.
പഞ്ചാബില്‍ മക്കി ദി റൊട്ടിയും സര്‍സോന്‍ ദാ സാഗും സ്ഥിരം മെനുവാണ്. ആഴ്ചയില്‍ ഒരിക്കല്‍ ബട്ടര്‍ ചിക്കനും രാജ്മാ ചാവലും നല്‍കാറുണ്ട്.
ഉത്തര്‍പ്രദേശില്‍ പൂരിയും പരിപ്പുകറിയുമാണ് പ്രധാന ഭക്ഷണം. ആഴ്ചയില്‍ ഒരിക്കല്‍ ലഖ്‌നൗവി ബിരിയാണിയും കബാബുകളും ലഭിക്കും. രാജസ്ഥാനില്‍ ദാല്‍ ബാത്തി ചൂര്‍മയും ഇടയ്ക്കിടെ ഗട്ടെ കി സബ്ജിയും നല്‍കുന്നു.
ഹിമാചല്‍ പ്രദേശില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ചോറും പരിപ്പുകറിയും രണ്ട് ദിവസം വെജിറ്റബിള്‍ പുലാവുമാണ്. ഹരിയാനയില്‍ ബാജ്‌റ ഖിച്ച്ഡിയും കഡി പകോഡയുമാണ് പ്രധാന വിഭവങ്ങള്‍.
ഉത്തരാഖണ്ഡില്‍ ചീരയും ഉലുവയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന കാഫുലിയാണ് പ്രധാന ഭക്ഷണം. ഇതിനൊപ്പം കഞ്ചാവ് കുരുക്കള്‍ അരച്ച് തയ്യാറാക്കുന്ന ഭാംഗ് ചട്നിയും നല്‍കാറുണ്ട്. കഞ്ചാവ് കുരുക്കളില്‍ ലഹരിയുണ്ടാക്കുന്ന ഘടകമില്ലാത്തതിനാല്‍ ഇത് സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍.
ജമ്മു-കശ്മീരില്‍ കാശ്മീരി പുലാവും രോഗന്‍ ജോഷും മെനുവിലുണ്ട്.
ഗുജറാത്തില്‍ റൊട്ടി, ദാല്‍, കഡി, ഖിച്ച്ഡി, ശര്‍ക്കര ചേര്‍ത്ത വിഭവങ്ങള്‍ എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. മഹാരാഷ്ട്രയില്‍ റൊട്ടിയും കടലക്കറിയും പരിപ്പ് ചോറുമാണ് സാധാരണ. ഗോവയില്‍ ഫിഷ് കറിയും ചോറുമാണ് പ്രധാന ഭക്ഷണം.
പശ്ചിമബംഗാളില്‍ മീന്‍ കറിയും ചോറും, ആഴ്ചയില്‍ ഒരിക്കല്‍ കോഷ മാങ്ഷോയും നല്‍കാറുണ്ട്. എന്നാല്‍ ഉച്ചഭക്ഷണ നിര്‍മാണത്തിന്റെ ചുമതല ഇസ്കോണിന് കൈമാറിയതോടെ നോണ്‍ വെജ് വിഭവങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ബിഹാറില്‍ ലിട്ടി ചോഖയാണ് പ്രധാന വിഭവം. എന്നാല്‍ പല സ്കൂളുകളിലും ഉച്ചഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു.
ഒഡിഷയില്‍ പഖാല ഭാത്, വറുത്ത മീന്‍ അല്ലെങ്കില്‍ പച്ചക്കറികള്‍, ദല്‍മ എന്നിവയാണ് പ്രധാന മെനു. ജാര്‍ഖണ്ഡില്‍ ധുസ്കയും മാരുവാ റൊട്ടിയും നല്‍കുന്നു. ഛത്തീസ്ഗഡില്‍ ചീലയും ഫാരയും പ്രധാന വിഭവങ്ങളാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മെനുവാണ് ഏറ്റവും വൈവിധ്യമാര്‍ന്നത്. അസമില്‍ മാസോര്‍ തെങ്കയും ഖാറും, നാഗാലാന്‍ഡില്‍ പന്നിയിറച്ചിയും മുളങ്കൂമ്പും ചേര്‍ന്ന വിഭവവും, മണിപ്പൂരില്‍ കാങ്ഷോയും ഇരോംബയും, മേഘാലയയില്‍ ജാദോ, സിക്കിമില്‍ തുക്പയും മൊമോസും, അരുണാചല്‍ പ്രദേശില്‍ ചോറും ഉണക്കമീനും പച്ചക്കറി സ്റ്റ്യൂവും, മിസോറാമില്‍ ബായ്, ത്രിപുരയില്‍ ചാഖ്‌വി എന്നിവയാണ് പ്രധാന ഉച്ചഭക്ഷണങ്ങള്‍.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതുവെ സമീപ സംസ്ഥാനങ്ങളുടെ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, ലക്ഷദ്വീപിലെ സ്കൂള്‍ ഉച്ചഭക്ഷണം കേരളത്തിലെ മെനുവിനോട് ഏറെ സാമ്യമുള്ളതാണ്.
ഒരു രാജ്യം, അനേകം സംസ്കാരങ്ങള്‍ എന്നതുപോലെ ഇന്ത്യയുടെ സ്കൂള്‍ ഉച്ചഭക്ഷണ മെനുവും അത്രത്തോളം വൈവിധ്യമാര്‍ന്നതാണ്. ബിരിയാണി മുതല്‍ പഴങ്കഞ്ഞിവരെയും കഞ്ചാവ് കുരു ചമ്മന്തി മുതല്‍ മുളങ്കൂമ്പും പന്നിയിറച്ചിയും വരെയും നീളുന്ന ഈ വിഭവങ്ങള്‍ ഓരോ സംസ്ഥാനത്തിന്റെയും ഭക്ഷ്യസംസ്കാരവും പ്രാദേശിക ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്നു.