• ഇന്ത്യയിലേക്ക് തിരിഞ്ഞ് നിലയുറപ്പിച്ച് ചൈനീസ് സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍. കനത്ത ജാഗ്രതയില്‍ ഇന്ത്യ

അതിര്‍ത്തിയില്‍ 11 ചൈനീസ് സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഈ വിന്യാസത്തിനു മറുപടി നല്‍കാന്‍ രാജ്യം ഇനിയുമേറെ വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് വിമാനങ്ങളുടെ ഉപഗ്രഹചിത്രം പുറത്തുവന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 

എന്‍ഡിടിവി പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്തോ–ചൈന അതിര്‍ത്തിയിലെ വിമാനത്താവളങ്ങളില്‍ അഞ്ചാം തലമുറയില്‍പ്പെട്ട ‘ജെ–20 മൈറ്റി ഡ്രാഗണ്‍’ പോര്‍വിമാനങ്ങളുടെ സാന്നിധ്യമാണ് ചൈന വര്‍ധിപ്പിച്ചിരിക്കുന്നത്. ലഡാക്കിലേയും അരുണാചല്‍ പ്രദേശിലേയും അതിര്‍ത്തി മേഖലകള്‍ക്ക് സമീപമാണ് ഈ പോര്‍വിമാനങ്ങള്‍ നിലയുറപ്പിച്ചതെന്നാണ് ഉപഗ്രഹദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍  പറയുന്നു. റഡാറുകളെയെല്ലാം ഭേദിച്ചും കബളിപ്പിച്ചും ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണീ സ്റ്റെല്‍ത്ത് വിമാനങ്ങള്‍. 

ലഡാക്കിലെ ലേയില്‍ നിന്ന് 389കിലോമീറ്റര്‍ അകലെയുള്ള  വ്യോമതാവളത്തില്‍ ഏഴ് ജെ–20 വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ നിന്നും 344കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന  വ്യോമതാവളത്തില്‍ 4 ജെ–20 വിമാനങ്ങള്‍ നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഈ അഞ്ചാം തലമുറ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് വ്യോമസേന സജീവമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് അവര്‍ക്ക് വെറുമൊരു സാധാരണ നടപടിയായി മാറിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

  എന്നാല്‍ ഈ ജെ–20 വിമാനങ്ങള്‍ ഇന്ത്യന്‍ കരുത്തിന് വെല്ലുവിളിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ പോര്‍വിമാനങ്ങളായ ഫ്രഞ്ച് നിര്‍മിത റഫാല്‍, റഷ്യന്‍ സുഖോയ്, എന്നിവ മികച്ച 4.5 തലമുറ വിമാനങ്ങളാണെങ്കിലും സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയില്ലാത്തവയാണ്. അതേസമയം തന്നെ ഇന്ത്യ സ്റ്റെല്‍ത്ത് പോര്‍വിമാന പദ്ധതിയുടെ പണിപ്പുരയിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. പോര്‍വിമാന നിര്‍മാണ പദ്ധതിയായ എഎംസിഎ (Advanced Medium Combat Aircraft)  പൂര്‍ണസജ്ജമാകാന്‍ ഒരു പതിറ്റാണ്ടെങ്കിലും സമയമെടുത്തേക്കുമെന്നാണ് സൂചന. 

ഇന്ത്യ നിലവിൽ 36 റഫാൽ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പുറമെ, വ്യോമസേനയ്ക്കായി 114 അധിക പോർവിമാനങ്ങൾ വാങ്ങുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. നിലവില്‍ 120 മുതല്‍ 125 വരെ ജെ–20 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യമാണ് ചൈന. 2019ൽ 50 വിമാനങ്ങൾ മാത്രമുണ്ടായിരുന്ന ചൈനീസ് വ്യോമസേനയിൽ നിലവിൽ 300 മുതൽ 500 വരെ ജെ-20 വിമാനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ENGLISH SUMMARY:

Reports based on NDTV satellite imagery reveal that China has deployed 11 fifth-generation J-20 'Mighty Dragon' stealth fighter jets near the Indian border in Ladakh and Arunachal Pradesh. Seven of these radar-evading jets are stationed at the Hotan airbase near Ladakh, while four are deployed at the Damxung airbase near Arunachal Pradesh's Tawang sector. While India operates advanced 4.5-generation fighters like the Rafale and Su-30MKI, it currently lacks fifth-generation stealth aircraft to counter this specific threat. India's indigenous stealth fighter project, the Advanced Medium Combat Aircraft (AMCA), is expected to take at least a decade to become fully operational, leaving a temporary strategic gap as China rapidly expands its J-20 fleet.