indigo-issue

TOPICS COVERED

യാത്രാമധ്യേ വിമാന ജീവനക്കാരിയുടെ അശ്രദ്ധമൂലം യാത്രക്കാരന്‍റെ ദേഹത്ത് ചൂടുള്ള ഭക്ഷണ പദാര്‍ഥം വീണതില്‍ ഇന്‍ഡിഗോയ്ക്ക് 25,000 രൂപ പിഴ. ബെംഗളൂരു സ്വദേശി നല്‍‌കിയ പരാതിയില്‍ ബെംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി. ടേക്ക് ഓഫിനു ശേഷം ജീവനക്കാരി ഓവർഹെഡ് ബിന്‍ തുറന്നതിന് പിന്നാലെയാണ് ബിനില്‍ സൂക്ഷിച്ച ഭക്ഷണം യാത്രക്കാരന്റെ മേൽ വീഴുന്നത്.

2024 മാർച്ച് 5 നാണ് ബെംഗളുരു സ്വദേശിയും കുടുംബവും ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതാണ്. പറന്നുയർന്ന് ഏകദേശം 15 മിനിറ്റിനുശേഷം ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് അദ്ദേഹത്തിന്‍റെ സീറ്റിന് മുകളിലെ ഓവർഹെഡ് ബിൻ തുറന്നപ്പോൾ ചൂടുള്ള ഭക്ഷണമടങ്ങിയ പാക്കറ്റ് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വീഴുകയായികുന്നു. കറിയും മറ്റും അദ്ദേഹത്തിന്‍റെ വസ്ത്രത്തിലും ശരീരത്തിലും ആകുകയും ചെയ്തു. മറ്റൊരു യാത്രക്കാരന്‍ ഓവർഹെഡ് ബിനില്‍ സൂക്ഷിച്ചതായിരുന്നു ഈ ഭക്ഷണ പായ്ക്കറ്റ്.

സംഭവം തന്നെ ഞെട്ടിക്കുകയും മാനസികമായി തളർത്തുകയും ചെയ്തു എന്നായിരുന്നു യാത്രക്കാരന്‍ അവകാശപ്പെട്ടത്. വസ്ത്രങ്ങള്‍ വൃത്തികേടായി, വെജിറ്റേറിയനായതിനാല്‍ ദേഹത്ത് നോണ്‍ വെജ് ഭക്ഷണ പദാര്‍ഥങ്ങള്‍ വീണത് അസ്വസ്ഥതയുണ്ടാക്കി. വീട്ടിലെത്തുന്നതുവരെ ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടായിരുന്നു, ഭക്ഷണത്തിന്‍റെ ഗന്ധം തലവേദനയ്ക്ക് കാരണമായി... യാത്രക്കാരന്‍ പറഞ്ഞു. പെട്ടെന്ന് വസ്ത്രം മാറാനോ ശരീരം വൃത്തിയാക്കോനോ സാധിച്ചില്ല, സന്ദര്‍ഭം കണ്ട് സഹയാത്രികർ ചിരിച്ചതിനാൽ തനിക്ക് നാണക്കേടുണ്ടായെന്നും അദ്ദേഹം പറയുന്നു. തന്റെ ബ്രാൻഡഡ് ടീ-ഷർട്ട്, ജീൻസ്, ജാക്കറ്റ്, ഷൂസ്, ഇന്നർവെയർ എന്നിവയില്‍ കഴുകിയിട്ടും പോകാത്ത തരത്തില്‍ കറ ഉണ്ടായെന്നും തന്‍റെ ബാക്ക്പാക്ക്, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും യാത്രക്കാരന്‍ വാദിക്കുന്നുണ്ട്.

ഫോണിലൂടെയും ഇമെയിലിലൂടെയും എയർലൈൻ തങ്ങളുടെ അശ്രദ്ധ സമ്മതിച്ചതായും 5,000 രൂപയുടെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പര്യാപ്തമല്ല എന്ന് തോന്നിയതോടെയാണ് തനിക്കുണ്ടായ മാനസിക സംഘര്‍ഷത്തിനും മറ്റ് നഷ്ടങ്ങൾക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് 2025 ജൂലൈ 5 ന് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുന്നത്. അതേസമയം, തങ്ങളുടെ സേവനത്തില്‍ ഏതെങ്കിലും തരത്തില്‍ പോരായ്മ ഉണ്ടായിട്ടില്ലെന്നാണ് എയര്‍ലൈന്‍ വാദിച്ചത്.

നിയമപ്രകാരം തങ്ങളുടെ സേവനത്തിന്‍റെ ഗുണനിലവാരത്തിലോ, സ്വഭാവത്തിലോ, രീതിയിലോ എന്തെങ്കിലും അപര്യാപ്തത ഉണ്ടാകുമ്പോള്‍ മാത്രമേ അത് പോരായ്മായി കണക്കാക്കാനാകൂ എന്നായിരുന്നു എയര്‍ലൈനിന്‍റെ വാദം. സംഭവം മനഃപൂർവമല്ലാത്തതും അപ്രതീക്ഷിതവുമായിരുന്നുവെന്നും എയർലൈൻ വാദിച്ചു. സംഭവം ഉണ്ടായതിന് പിന്നാലെ ജീവനക്കാർ ക്ഷമാപണം നടത്തി, യാത്രക്കാരനെ ഒന്നാം നിരയിലെ സീറ്റിലേക്ക് മാറ്റി, വസ്ത്രങ്ങൾ വൃത്തിയാക്കാൻ സഹായിച്ചു, ടിഷ്യുകൾ നൽകി എന്നും കമ്പനി പറഞ്ഞു. മാത്രമല്ല ഇൻഡിഗോയുടെ കസ്റ്റമർ എക്സ്പീരിയൻസ് ടീം 2024 മാർച്ച് 9 ന് പരാതിക്കാരനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഇത് നിയമവിരുദ്ധവും വലിയ തുകയുമാണെന്ന് കമ്പനി പറഞ്ഞു. എങ്കിലും 5,000 രൂപയുടെ യാത്രാ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ അത് അദ്ദേഹം നിരസിച്ചതായും കമ്പനി കമ്മിഷനെ അറിയിച്ചു. അതിനാല്‍ പരാതി തള്ളണമെന്നായിരുന്നു എയര്‍ലൈനിന്‍റെ ആവശ്യം.

എന്നാല്‍ ടേക്ക് ഓഫിനു ശേഷം ഓവർഹെഡ് ബിൻ തുറന്ന് ഒരു യാത്രക്കാരന്റെ മേൽ ചൂടുള്ള ഭക്ഷണം വീഴുന്നത് സേവനത്തിലെ വ്യക്തമായ വീഴ്ചയാണെന്നായിരുന്നു കമ്മീഷന്‍റെ നിരീക്ഷണം. ഇത്തരം വസ്തുക്കൾ യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സൂക്ഷിച്ചാൽ വിമാനക്കമ്പനികൾ കുറ്റക്കാരാണെന്ന് കമ്മിഷന്‍ പറഞ്ഞു. തുടര്‍ന്നാണ് പരാതിക്കാരന് ഇൻഡിഗോ  നഷ്ടപരിഹാരമായി 20,000 രൂപയും വ്യവഹാര ചെലവായി 5,000 രൂപയും നൽകണമെന്ന് കമ്മിഷന്‍ ഉത്തരവിടുന്നത്.

ENGLISH SUMMARY:

The Bengaluru Urban District Consumer Disputes Redressal Commission has ordered IndiGo Airlines to pay ₹25,000 in compensation to a passenger after a flight attendant's negligence caused hot food to spill on him. The incident occurred on March 5, 2024, during a flight from Bangkok to Bengaluru, when an overhead bin was opened shortly after takeoff. The passenger, a vegetarian, claimed mental distress and damage to his branded clothing and electronic gadgets as non-vegetarian food spilled over him. While IndiGo offered a ₹5,000 travel voucher and argued that the incident was accidental, the commission ruled it a clear 'deficiency in service.'