resturant-bill

കഴിച്ച ഭക്ഷണത്തിന്‍റെ നിരക്കിനുപുറമേ ചില ഹോട്ടലുകള്‍ ഇപ്പോള്‍ ബില്ലിൽ സർവീസ് ചാർജ്‌കൂടി ഈടാക്കുന്നുണ്ട്. ഹോട്ടലിന്‍റെ നിരവാരമനുസരിച്ച് ഭക്ഷണത്തിന് വന്‍തുകവരെ  ഈടാക്കുന്നതിന് പുറമെയാണ് പലയിടങ്ങളിലും സര്‍വീസ് ചാര്‍ജും വാങ്ങുന്നത്.  ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ് വാങ്ങിയ ഒരു ഹോട്ടലിന് കിട്ടിയ എട്ടിന്‍റെ പണിയെക്കുറിച്ചാണ് ഈ വാര്‍ത്ത.

തന്‍റെ ഭക്ഷണ ബില്ലില്‍ 151 രൂപ സർവീസ് ചാർജ് ഈടാക്കിയ പഞ്ചാബ് ജലന്ധറിലെ ഹോട്ടലിനാണ് അഭിഭാഷകനായ സഞ്ജീവ് ദുഗ്ഗല്‍ മുട്ടന്‍ പണികൊടുത്തത്. സര്‍വീസ് ചാര്‍ജിനെതിരെ ജലന്ധറിലെ ജില്ലാ ഉപഭോക്തൃ കമ്മിഷന് അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു.  

2023 നവംബറിൽ കുടുംബത്തോടൊപ്പം ബുഫെ ഡിന്നറിനായി ഹോട്ടലിലെത്തിയ തന്നോട് രണ്ട് ബില്ലുകളിലായി ആകെ 151.53 രൂപ സർവീസ് ചാർജ് ഈടാക്കിയെന്നാണ് ദുഗ്ഗലിന്‍റെ പരാതി. മൂന്ന് മുതിർന്നവരും ഒരു കുട്ടിയുമാണ് ഭക്ഷണം കഴിച്ചതെങ്കിലും നാല് മുതിർന്നവരുടെ ബുഫെയ്ക്കുള്ള ബില്ലാണ് ഹോട്ടൽ ഈടാക്കിയത്. സർവീസ് ചാർജിനെതിരെ പ്രതികരിച്ചപ്പോൾ ഹോട്ടൽ ജീവനക്കാർ മോശമായി പെരുമാറി. പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ല. നിയമനടപടിയുമായി മുന്നോട്ട് പോയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. പരാതി നല്‍കി മൂന്നുവര്‍ഷം പിന്നിടവെയാണ് അഭിഭാഷകന് നീതി ഉറപ്പാക്കുന്ന വിധി വന്നത്.

ഉപഭോക്താവിന്റെ സമ്മതമില്ലാതെ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മിഷന്‍ വിധിച്ചു. അഭിഭാഷകന് റസ്റ്ററന്‍റ്  15,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷന്‍  ഉത്തരവിട്ടു.

151 രൂപ ജീവനക്കാർക്കുള്ള സംഭാവനയായി ഈടാക്കിയതാണെന്നും ഇത് മെനു കാർഡിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു റസ്റ്ററന്‍റ് അധികൃതരുടെ വാദം. ആവശ്യപ്പെട്ടാൽ തുക ഒഴിവാക്കി നൽകാറുണ്ടെന്നും അവര്‍ വാദിച്ചു.  ഈ വാദങ്ങള്‍ കമ്മീഷൻ തള്ളിക്കളഞ്ഞു. 'സ്റ്റാഫ് കോൺട്രിബ്യൂഷൻ' എന്ന് വിളിച്ചാൽ പോലും, ഇത്തരം തുക ഈടാക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കേണ്ടത് ഹോട്ടലിന്റെ ഉത്തരവാദിത്തമാണ്. ഭക്ഷണത്തിന് മുൻപ് ദുഗ്ഗലിനെ ഇക്കാര്യം കൃത്യമായി അറിയിച്ചിരുന്നെന്നോ അദ്ദേഹം സമ്മതം നൽകിയിരുന്നെന്നോ തെളിയിക്കാൻ യാതൊരു രേഖയുമില്ല. ഉപഭോക്താവിന്റെ അനുമതിയില്ലാതെയാണ് സർവീസ് ചാർജ് ഈടാക്കിയതെന്ന് തെളിഞ്ഞു. അദ്ദേഹം മാനസിക ബുദ്ധിമുട്ടുകളും നേരിട്ടു. അതിനാൽ പരാതിക്കാരന് ആ തുക തിരികെ ലഭിക്കാൻ അർഹതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

സർവീസ് ചാർജായി ഈടാക്കിയ 151.53 രൂപ, പരാതി നൽകിയ തീയതി മുതലുള്ള പലിശ സഹിതം തിരികെ നൽകാൻ കമ്മിഷന്‍ ഹോട്ടലിനോട് നിർദ്ദേശിച്ചു.  ഇതിനുപുറമെ, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിനും കോടതി ചെലവുകൾക്കുമായി 15,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ആകെ 15,151.53 രൂപയും  പുറമെ പലിശയും 45 ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്.  പരാതിക്കാരനായ അഭിഭാഷകൻ സഞ്ജീവ് ദുഗ്ഗൽ സ്വയം തന്നെയാണ് വാദിച്ചത്.  ബുഫെയിൽ നൽകിയ ചില ഭക്ഷണ സാധനങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്നും ദുഗ്ഗൽ ആരോപിച്ചിരുന്നു. എന്നാൽ തെളിവ് ഹാജരാക്കാൻ പരാതിക്കാരന് സാധിക്കാത്തതിനാൽ കമ്മീഷൻ ആരോപണം തള്ളി.

ഹോട്ടലുകളും റസ്റ്ററന്റുകളും ഭക്ഷണ ബില്ലുകളിൽ സർവീസ് ചാർജ് ചേർക്കാൻ പാടില്ലെന്ന് 2022-ൽ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹി ഹൈക്കോടതി ഈ ഉത്തരവ് ശരിവച്ചു.  ഇതിനെതിരെയുള്ള അപ്പീൽ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ENGLISH SUMMARY:

A lawyer in Jalandhar, Sanjeev Duggal, successfully took a local restaurant to the District Consumer Commission after being forced to pay a mandatory "service charge" of ₹151 on his dinner bill. The Commission ruled that imposing such charges without the customer's explicit consent is a violation of consumer protection laws, rejecting the restaurant's claim that it was a voluntary staff contribution. Consequently, the court ordered the restaurant to refund the charged amount with interest and pay an additional ₹15,000 as compensation for the mental agony caused to the customer. This verdict reinforces the Central Consumer Protection Authority’s 2022 guidelines, which state that restaurants cannot force service charges on diners.