indigo-adnan

TOPICS COVERED

ലാന്‍ഡിങ്ങിനു മിനിറ്റുകള്‍ക്ക് മുന്‍പ് യുവാവ് ഇന്‍ഡിഗോ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തന്നെ പ്രേതം പിടിച്ചുവെന്നായിരുന്നു പിന്നീടുള്ള ചോദ്യംചെയ്യലില്‍ യാത്രക്കാരന്‍ പറഞ്ഞത്. 

6E-185 വിമാനം രാത്രി 8:15നാണ് ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ടത്. യാത്ര തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴക്കും ഉത്തര്‍പ്രദേശ് മൗ സ്വദേശിയായ മുഹമ്മദ് അദ്‌നാൻ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധിച്ച കാബിന്‍ ക്രൂ അദ്നാനെ തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു ഇയാളുടെ ആദ്യമറുപടി. കര്‍ശന മുന്നറിയിപ്പ് നല്‍കി ഇയാളെ സീറ്റിലിരുത്തുകയും ചെയ്തു. പിന്നെ ഏറെനേരം ശാന്തനായിരുന്ന അദ്നാന്‍ 10.20ഓടെ വീണ്ടും പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി.  

വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അദ്നാന്‍ വീണ്ടും എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചു. ആ സമയത്ത് വിമാനം വെറും 500അടി മാത്രം ഉയരത്തിലായിരുന്നു. ക്രൂ വിവരം പൈലറ്റിനെ അറിയിച്ചതോടെ ലാന്‍ഡിങ്ങിന് ഒരുങ്ങാതെ ആകാശത്ത് ഒരു വട്ടം കൂടി ചുറ്റിയ ശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. 

ഇയാളെ ഉടന്‍ തന്നെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥർക്കും സി.ഐ.എസ്.എഫിനും കൈമാറി. ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഒന്നുമറിയില്ലെന്ന് പ്രതികരിച്ച അദ്നാന്‍ തന്നെ പ്രേതം പിടിച്ചെന്നായിരുന്നു പിന്നീട് പറഞ്ഞത്. പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ ഗോവയിലെ വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നുവെന്നും താൻ വലിച്ച വാതില്‍ എമർജൻസി എക്സിറ്റ് ആണെന്നറിയില്ലായിരുന്നുവെന്നും പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. 

Passenger Attempts to Open Indigo Emergency Exit Mid-Flight:

Indigo emergency exit incidents raise safety concerns. A passenger attempted to open an emergency exit door minutes before landing, causing panic among other travelers.