വിഡിയോയില്‍ നിന്നുള്ള ചിത്രം

വിഡിയോയില്‍ നിന്നുള്ള ചിത്രം

 കൊടും മഞ്ഞുവീഴ്ച്ചയോ എല്ല് മരവിക്കുന്ന തണുപ്പന്‍കാറ്റോ അവനെ പിന്തിരിപ്പിച്ചില്ല, അന്നോളം ഊട്ടിയും ഉറക്കിയും കൂടെ നടന്ന യജമാനന്റെ മൃതദേഹം മഞ്ഞില്‍പ്പുതഞ്ഞു കിടക്കുമ്പോള്‍ അവന് സാധ്യമായത് അത് മാത്രമായിരുന്നു, അവന്റെ പ്രിയപ്പെട്ട മനുഷ്യന്റെ ജീവനറ്റ ശരീരം ആരും കാണാതെ പോകരുത്, വന്യജീവികളൊന്നും കൊണ്ടുപോകരുത്, അതിനായി നാലു ദിവസം അവന്‍ കാത്തിരുന്നു, കാവലായി നോക്കിയിരുന്നു. ഒടുവില്‍ ഒരു രക്ഷാസംഘം എത്തുംവരെ...

ഹിമാചല്‍പ്രദേശിലെ ബാര്‍മോറില്‍ നിന്നാണ് ഹൃദയസ്പര്‍ശിയായ ഈ വാര്‍ത്ത പുറത്തുവരുന്നത്. മനുഷ്യന് പുറത്തിറങ്ങാന്‍ പോലുമാകാത്ത കൊടും തണുപ്പിലാണ് പിറ്റ്ബുള്‍ നായ തന്റെ യജമാനനുവേണ്ടി നാലു ദിവസം കാവലിരുന്നത്. രക്ഷാസംഘമെത്തിയിട്ട് പോലും മൃതദേഹത്തിനടുത്ത് നിന്നും മാറാന്‍ നായ കൂട്ടാക്കുന്നില്ലായിരുന്നു.

ബാര്‍മോറിലെ ബാര്‍മണി ക്ഷേത്രത്തിനടുത്തുവച്ചാണ് പിറ്റ്ബുളിന്റെ ഉടമയായ പിയൂഷിനേയും വിക്സിത് റാണയേയും കാണാതായത്. മഞ്ഞില്‍ പുതഞ്ഞുപോയതാണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് അറിഞ്ഞത്. ഗ്രാമവാസികളാണ് സംഭവം രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്. പീയൂഷിന്റെ മൃതദേഹത്തിനു മുകളില്‍ പല അടുക്കായി മഞ്ഞ് പുതഞ്ഞ നിലയിലായിരുന്നു. തൊട്ടടുത്തായി പിറ്റ്ബുള്‍ ഇരിക്കുന്ന കാഴ്ച്ച കണ്ട് എല്ലാവരുടേയും കണ്ണ് നിറഞ്ഞു.

ഒരടി നീങ്ങാതെ, ഭക്ഷണം കഴിക്കാതെ അവനെങ്ങനെ ആ കൊടും തണുപ്പത്ത് നാലുദിവസം കഴിച്ചുകൂട്ടിയെന്ന ചോദ്യമായിരുന്നു അവിടെ ഉയര്‍ന്നുകേട്ടത്. ആദ്യഘട്ടത്തില്‍ യജമാനന്റെ മൃതദേഹം മാറ്റാനായി നോക്കിയ രക്ഷാപ്രവര്‍ത്തകര്‍ക്കു നേരെയും പിറ്റ്ബുള്‍ ആക്രമണകാരിയായി നിന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് അവന്‍ ശാന്തനായതും രക്ഷാപ്രവര്‍ത്തകരെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിച്ചതും. മരണം വരെയും ആത്മാര്‍ത്ഥത പുലര്‍ത്തുന്നവയാണ് മൃഗങ്ങളെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയായി ഈ സംഭവം.

 
ENGLISH SUMMARY:

Dog loyalty story unfolds in Himachal Pradesh, where a Pitbull bravely guarded its deceased owner's body for four days amidst extreme cold. The devoted dog remained by its owner's side, resisting rescue efforts until eventually allowing the team to recover the body, showcasing profound animal faithfulness.