കീറിയ കറൻസി നോട്ടുകള്‍ നിങ്ങള്‍ എന്താണ് ചെയ്യാറ്. നേരിട്ട് ബാങ്കില്‍ കൊണ്ട് പോയി മാറ്റാറുണ്ടോ? അതോ ഷെല്‍ഫിന്റെ മൂലയില്‍ സൂക്ഷിച്ചിരിക്കുകയാണോ? ഇത്തരം കീറിയ നോട്ടുകള്‍ വച്ച് കച്ചവടം നടക്കുന്ന ചില ഗ്രാമീണ ചന്തകളുണ്ട് രാജ്യത്ത്. കാണാം മേഘാലയയിലെ അത്തരമൊരു കച്ചവടം.
ഉപ്പ് തൊട്ട് കര്‍പൂരം വരെ കിട്ടുന്ന ഗ്രാമീണ ചന്ത. ഇന്ത്യക്കാര്‍ മാത്രമല്ല ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമക്കാരും ഇവിടെ എത്തും. ത്രാസുപയോഗം ഇല്ലെന്ന് തന്നെ പറയാം. കീറിയതും മുഷിഞ്ഞതുമായ കറൻസി നോട്ടുകൾ കൊടുത്താല്‍ പകുതി തുകക്ക് തുല്യമായ സാധനം കിട്ടും. കീറിയ പത്തിന്റെ നോട്ടിന് ഒരു ചെറിയ ബോക്സ് ബ്രേഡ്, കീറിയ 50ന്റെ നോട്ടിന് ഒരു താഴ്.... സാധനം വേണ്ടെങ്കില്‍ പകുതി തുകയുടെ നോട്ട് നല്‍കും.
കൃഷ്ണായി ഗ്രാമത്തില്‍ നിന്നുള്ള അഖിറുളിന് 10 വര്‍ഷമായി ഇതാണ് ജോലി. ഈ നോട്ടിന് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് അഖിറുളിന് ഒരു ബോധ്യവുമില്ല. ഏജന്റുമാര്‍ വന്ന് വാങ്ങി കൊണ്ട് പോകും. കിട്ടുന്നത് തുച്ഛമായ ലാഭം. ഈ ജോലി ചെയ്യുന്ന നിരവധി പേരുണ്ട് ഓരോ ഗ്രാമത്തിലും.
സംഗതി കൗതുകമാണെങ്കിലും നടക്കുന്നത് ഡിജിറ്റൽ യുഗത്തിലും ബാങ്കിങ് സൗകര്യങ്ങൾ എത്താത്ത ഗ്രാമത്തിലെ ജനങ്ങളെ കൊള്ളയടിക്കലാണ്. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി പ്രകാരം അഴുക്കുപിടിച്ചതോ, നിറം മങ്ങിയതോ, രണ്ടായി കീറിയതോ ആയ നോട്ടുകള്‍ക്ക് മുഴുവൻ തുകയും ബാങ്ക് തിരികെ നൽകും. ചില ഭാഗങ്ങൾ നഷ്ടപ്പെടുകയോ, രണ്ടിലധികം കഷ്ണങ്ങളാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നോട്ടിന്റെ അവശേഷിക്കുന്ന ഭാഗത്തിന്റെ വലിപ്പത്തെ ആശ്രയിച്ചായിരിക്കും തുക ലഭിക്കുക.