തെരുവുനായകള്‍ കടിക്കാനുള്ള മൂഡിലാണോ എന്ന് തിരിച്ചറിയാന്‍ മാര്‍ഗമില്ലല്ലോയെന്ന് മൃഗസ്നേഹികളോടുള്ള സുപ്രീംകോടതിയുടെ പരിഹാസ ചോദ്യത്തിനെതിരെ മുന്‍ എംപിയും നടിയുമായ ദിവ്യ സ്പന്ദന. മനുഷ്യരെ കടിക്കാതിരിക്കാന്‍ തെരുവുനായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാമെന്നും അതുകൂടിയേ ബാക്കിയുള്ളൂവെന്നുമായിരുന്നു കേസ് പരിഗണിക്കവേ സുപ്രീംകോടതി ഇന്നലെ പറഞ്ഞത്. ഇതിന് രൂക്ഷമായ ഭാഷയിലാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരത്തിന്‍റെ പ്രതികരണം. 'ഒരു പുരുഷന്‍റെ മനസും വായിക്കാന്‍ പറ്റില്ല. എപ്പോഴാണ് ബലാല്‍സംഗം ചെയ്യുകയെന്ന് അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ പുരുഷന്‍മാരെയും പിടിച്ച് ജയിലില്‍ ഇടണോ?' എന്നായിരുന്നു കുറിപ്പ്. Also Read: മൃഗസ്നേഹികള്‍ക്കെതിരെ സുപ്രീം കോടതി
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരുവുനായ ശല്യം സംബന്ധിച്ച കേസ് പരിഗണിച്ചത്. നായ്ക്കള്‍ ആളുകളെ കടിക്കുന്നതിന് പുറമെ റോഡിലിറങ്ങി അപകടമുണ്ടാക്കുന്നുവെന്നും കടിയേറ്റവരില്‍ രണ്ട് ജഡ്ജിമാരുണ്ടെന്നും ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാവിലെ നടക്കാനിറങ്ങുമ്പോള്‍ തെരുവിലത്രയും നായ്ക്കളാണ്. ഇതില്‍ ഏത് നായ എന്ത് മൂഡിലാണെന്ന് തിരിച്ചറിയാന്‍ പറ്റില്ലല്ലോ. അധികൃതര്‍ വേണ്ട നടപടി ചെയ്യണമെന്നും ഇത് ഗൗരവതരമായ പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് കുത്തിവയ്പ്പെടുത്ത് വിട്ടയച്ചാല്‍ മതിയെന്ന് മൃഗസ്നേഹികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുന്‍കരുതലാണ് പിന്നീടുള്ള ചികില്‍സയെക്കാള്‍ നല്ലതെന്നായിരുന്നു കോടതിയുടെ മറുപടി. കടുവ ഒരാളെ കൊന്നാല്‍, എല്ലാ കടുവകളെയും കൂടി നമ്മള്‍ കൊന്നൊടുക്കുന്നില്ലല്ലോയെന്നായിരുന്നു കപില്‍ സിബലിന്‍റെ വാദം. അപ്പോഴാണ് എന്നാല്‍ വന്ധ്യംകരിച്ച ശേഷം തുറന്ന് വിടുമ്പോള്‍ മനുഷ്യരെ കടിക്കരുതെന്ന് നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാമെന്ന് കോടതി പറഞ്ഞത്.