ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ വനിതാ പൊലീസ് ഓഫീസര്‍ മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
ഡിസംബര്‍ 29ന് വൈകിട്ടാണ് സംഭവം, കടുത്ത ട്രാഫിക് ബ്ലോക്കായിരുന്നു ഈ മേഖലയില്‍ അനുഭവപ്പെട്ടത്. ഇതിനിടെ അസ്വസ്ഥയായ ഓഫീസര്‍ കാറിനു പുറത്തിറങ്ങി തൊട്ടടുത്ത് കിടക്കുന്ന കാര്‍ യാത്രികരോട് തട്ടിക്കയറുകയാണ്. തന്‍റെ കാറിനു പോകാന്‍ സ്ഥലമില്ലെന്നതാണ് ഓഫീസറുടെ പ്രശ്നം. മര്യാദയോടെ പെരുമാറിയ ദമ്പതികളോട് മോശമായി സംസാരിക്കുന്നതും മുഖത്ത് മൂത്രമൊഴിക്കുമെന്ന് പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ദമ്പതികളോടും ബൈക്ക് യാത്രികരോടും രോഷത്തോടെ സംസാരിച്ചതോടെ ചുറ്റും ആളുകള്‍ കൂടി. വഴക്കും ബഹളവും പലരും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡികളില്‍ പോസ്റ്റ് ചെയ്തു. യൂണിഫോമിലായിരുന്ന വനിതാ പൊലീസ് ഇന്‍സ്പെക്ടറുടെ പെരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അലിഗഡ് ഇന്‍സ്പെക്ടറായ രത്ന രതിയാണ് നടുറോഡില്‍ യാത്രക്കാരോട് മോശമായി പെരുമാറിയതെന്ന് പിന്നീട് വ്യക്തമായി.
ജോലി സംബന്ധമായ ആവശ്യത്തിന് സഹറന്‍പൂരില്‍ പോയിവരുന്ന വഴിയാണ് ഓഫീസര്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരാതി ലഭിച്ചുകഴിഞ്ഞാല്‍ അന്വേഷണം നടത്തി ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.