Image Credit: facebook/Indian Defence News
മൊബൈല്‍ ഫോണും കണ്ണടയും കുടയുമെല്ലാം മനുഷ്യര്‍ മറന്നു വയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ വിമാനം പാര്‍ക്ക് ചെയ്ത കാര്യം മറന്നു പോയാലോ? വലിയ വില കൊടുക്കേണ്ടി വരും. ഒന്നും രണ്ടുമല്ല, ഒന്നേകാല്‍ക്കോടിയിലേറെ രൂപയാണ് മറവിക്ക് വിലയായി എയര്‍ ഇന്ത്യ നല്‍കേണ്ടി വന്നത്. കൃത്യമായി പറഞ്ഞാല്‍ 144,131.70 ഡോളര്‍ (1,30,15,092.51 കോടി). നീണ്ട 13 വര്‍ഷമാണ് ബോയിങ് 737–200 വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടത്. എയര്‍ ഇന്ത്യ തന്നെ ഇങ്ങനെയൊരു വിമാനത്തിന്‍റെ കാര്യം മറന്നുപോയി.
അയ്യോടാ... അത് നമ്മുടേതായിരുന്നോ?
ഡീ കമ്മിഷനിങിന് ശേഷം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനം തങ്ങളുടേതായിരുന്നുവെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് കാംപ്ബെല്‍ വില്‍സന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു വിമാനം കൈവശമുണ്ടായിരുന്നുവെന്നതിന്‍റെ രേഖകളോ വിവരമോ കമ്പനിയുടെ പക്കലില്ലായിരുന്നുവെന്നും കൊല്‍ക്കത്ത വിമാനത്താവളം അധികൃതര്‍ അറിയിച്ചപ്പോഴാണ് കാര്യമറിഞ്ഞതെന്നും സഹപ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ കാംപ്ബെല്‍ പറയുന്നു. പഴയ വിമാനം ഉപേക്ഷിക്കുന്നത് അത്ര അസാധാരണമായ കാര്യമല്ലെന്നും പക്ഷേ ഇങ്ങനെയൊരെണ്ണത്തിന്‍റെ കാര്യം മറന്നു പോയെന്നും അദ്ദേഹം വ്യക്തമാക്കി.
Image Credit:facebook/Indian Defence News
1982ലാണ് വിമാനം ഇന്ത്യന്‍ എയര്‍ലൈന്‍സിലെത്തുന്നത്. ഇത് 1998 ആയപ്പോള്‍ അലയന്‍സ് എയറിന് പാട്ടത്തിന് കൈമാറി. 2007ല്‍ വീണ്ടും ഇന്ത്യന്‍ എയര്‍ലൈന്‍സിലേക്കെത്തി. ചരക്കുസാധനങ്ങളുടെ കൈമാറ്റത്തിനാണ് ഇത് ഉപയോഗിച്ചുവന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്– അലയന്‍സ് എയര്‍ ലയിപ്പിക്കലിനെ തുടര്‍ന്ന് വിമാനം വീണ്ടും എയര്‍ ഇന്ത്യയുടെ കൈവശമെത്തി. തപാല്‍ വകുപ്പാണ് ഒടുവിലായി വിമാനം ഉപയോഗിച്ചത്. 2012ല്‍ വിമാനം ഡീ കമ്മിഷന്‍ ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചതോടെയാണ് വിമാനവും വിസ്മൃതിയിലായിപ്പോയത്. ഒടുവില്‍ നവംബര്‍ 14ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനം ട്രാക്ടര്‍–ട്രെയിലറില്‍ ബെംഗളൂരുവില്‍ എത്തിച്ചു. മെയിന്‍റന്‍സ് വിഭാഗം എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കാനാകും ഇത് ഇനി ഉപയോഗിക്കുക.
അഞ്ചുവര്‍ഷത്തിനിടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് നീക്കുന്ന പതിനാലാമത്തെ ഉപേക്ഷിക്കപ്പെട്ട വിമാനമാണിത്. വിമാനം നീക്കിയതോടെ ലഭിച്ച സ്ഥലത്ത് പുതിയ ഹാങറുകള്‍ നിര്‍മിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സാധാരണയായി ഉപേക്ഷിക്കപ്പെട്ട വിമാനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ ഏറ്റുവാങ്ങി റസ്റ്ററന്‍റുകളായി രൂപമാറ്റം വരുത്താറാണ് പതിവ്. ഉപേക്ഷിക്കപ്പെട്ടതായി രണ്ട് വിമാനങ്ങള്‍ കൂടി ഇനി കൊല്‍ക്കത്ത വിമാനത്താവളത്തിലുണ്ട്.