_iamsofik_
കാമുകിക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ കാരണങ്ങള്‍ പറഞ്ഞ് ഫോളോവേഴ്സിനോട് മാപ്പ് ചോദിച്ച് യുവ വ്ലോഗര്‍ സോഫിക് എസ്കെ. ഇപ്പോള്‍ പുറത്തുവന്ന വിഡിയോ പഴയതാണെന്നും ഇപ്പോള്‍ താന്‍ ഡീസന്റ് ആണെന്നും ബംഗാളി വ്ലോഗര്‍ പറയുന്നു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് സോഫിക് നേരിടേണ്ടി വന്നത്. അതേസമയം ഈ എഐ കാലത്ത് പുറത്തുവന്നത് സോഫികിന്റെ വ്യാജവിഡിയോ ആണെന്ന സംശയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫോളോവേഴ്സ്. എന്നാല്‍ ക്ഷമാപണത്തിലൂടെ ഇത് തന്റെ വിഡിയോ ആണെന്ന് സോഫിക് സ്ഥിരീകരിച്ചുവെന്നതാണ് സത്യം.
അതേസമയം താന്‍ നന്നാകുന്നത് ഇഷ്ടമല്ലാത്ത ചില സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും അവര്‍ ചെയ്ത കൊടുംചതിയാണിതെന്നും സോഫിക് പറയുന്നു– ‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധിക്കുന്നത്. എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ നന്നാകുന്നത് അവർക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ടാണ് അവർ ഈ വിഡിയോ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്.
എന്റെ ഇത്രയും സ്വകാര്യമായ വിഡിയോ അവർക്ക് എങ്ങനെ ലഭിച്ചു എന്ന് നിങ്ങൾ ചോദിക്കും. ആ വിഡിയോ എന്റെ ഫോണിൽ ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ കാമുകിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഞങ്ങൾ എന്തോ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഫോണുകൾ ആ സുഹൃത്തിന് കൈമാറിയതാണ്. അവന് ഞങ്ങളുടെ ഫോണിന്റെ പാസ്‌വേഡുകൾ അറിയാമായിരുന്നു. ഞങ്ങൾ അവനെ വളരെയധികം വിശ്വസിച്ചതുകൊണ്ട് അവനോട് എല്ലാം പറയുമായിരുന്നു’– സോഫിക് പറയുന്നു.
ഈ വിഡിയോ വച്ച് സുഹൃത്ത് ബ്ലാക്ക് മെയില്‍ ചെയ്തെന്നും അവനുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിച്ചതിന്റെ ദേഷ്യമാണ് ഇപ്പോള്‍ വിഡിയോ പുറത്തുവിടാന്‍ കാരണമെന്നും ഇന്‍ഫ്ലുവന്‍സര്‍ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സോഫികിന്റെ വിഡിയോകൾക്ക് വലിയ ആരാധകരുണ്ട്. ഇതിനിടെയിലാണ് വിവാദത്തില്‍ അകപ്പെടുന്നത്.