ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കിന്ന് എഴുപതാം പിറന്നാൾ. അധികാരത്തിന്റെ ഉന്നതങ്ങളിലും ഹവായ് ചെരിപ്പും വെള്ള സാരിയും മാറ്റാത്ത ദീദി. ഇടത് കോട്ട തകർത്തും മോദിയെന്ന രാഷ്ട്രീയ എതിരാളിയെ ബംഗാളിൽ പടരാൻ അനുവദിക്കാതെയുമുള്ള മമതയുടെ രാഷ്ട്രീയ ജീവിതം പോരാട്ട ചരിത്രം.
‘മമത ബാനർജി’ തോൽക്കാൻ മനസ്സില്ലാത്ത, ഒടുങ്ങാത്ത പോരാട്ട വീര്യം ഇന്ന് 70ലേക്ക് കടക്കുന്നു. 1955 ൽ സാധാരണ കുടുംബത്തിൽ ജനനം. 15-ാം വയസ്സിൽ കോൺഗ്രസിലൂടെ വിദ്യാർത്ഥി രാഷ്ട്രീയം. 1984-ൽ ജാദവ്പൂരിൽ സോമനാഥ് ചാറ്റർജിയെ വീഴ്ത്തിയ ജയന്റ് കില്ലർ. 1990-ൽ കൊൽക്കത്തയിലെ ഹസ്ര മോറിലുണ്ടായ സിപിഎം ആക്രമണത്തിൽ തലയോട്ടിക്ക് ഏറ്റ പരുക്ക് മമതയുടെ പോരാട്ട വീര്യം കൂട്ടി.
1997-ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതോടെ ബംഗാൾ കണ്ടത് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങൾ. നന്ദിഗ്രാമിലെയും സിംഗൂരിലെയും കർഷകർക്കൊപ്പം നിന്ന്, 2011-ൽ ഇടതുപക്ഷത്തിന്റെ 34 വർഷത്തെ അജയ്യ കോട്ട തകർത്തു
നരേന്ദ്ര മോദിയോടും അമിത് ഷായോടും നേർക്കുനേർ നിന്ന് പൊരുതുന്ന ഒരേയൊരു വനിതാ മുഖ്യമന്ത്രി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർവ്വ സന്നാഹങ്ങളുമായി വന്ന BJP യെ ഒടിഞ്ഞ കാലുമായി വീൽചെയറിലിരുന്ന് ഖേലാ ഹോബേ എന്ന ഒറ്റ മുദ്രാവാക്യം കൊണ്ടാണ് നിഷ്പ്രഭമാക്കിയത്.
എഴുപതിലേക്ക് കടക്കുമ്പോൾ മമതയുടെ തിളക്കം മങ്ങുന്നുണ്ടോ എന്ന ചോദ്യമുണ്ട്. ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകം പിടിച്ചുലച്ചു. അഴിമതിക്കേസുകളിൽ മന്ത്രിമാർ ജയിലിലായതും, അനന്തരവൻ അഭിഷേക് ബാനർജിയുടെ വളർച്ച ഉണ്ടാക്കിയ മുറുമുറുപ്പം വലിയ വെല്ലുവിളി.
ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിലാണെങ്കിലും നിലപാടുകളിൽ ദീദി പലപ്പോഴും സ്വന്തം വഴിയിലാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത കടമ്പ. ബിജെപിയുടെ വെല്ലുവിളിയെയും ഭരണവിരുദ്ധ വികാരത്തെയും മറികടക്കാൻ പഴയ പോരാളിയുടെ വീര്യം മമത പുറത്തെടുക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.