മദ്ധ്യതിരുവിതാംകൂറിലിത് പടയണിക്കാലമാണ്. പത്തനംതിട്ടയില്‍ മുപ്പതോളം പടയണിക്കരകള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വലിയ പാളക്കോലങ്ങള്‍ എത്തുന്ന ക്ഷേത്രമാണ് താഴൂര്‍ ഭഗവതിക്ഷേത്രം. തൊണ്ണൂറോളം വലിയ കോലങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒരു രാത്രിയില്‍ എത്തുന്നത്.
വിവിധ വീടുകളിലായി നൂറുകണക്കിന് പച്ചപ്പാളകളാണ് നിറയുന്നത്. പടയണിയിലെ നാട്ടുദേവതകളെ വരയ്ക്കുന്നത് പച്ചപ്പാളകളിലാണ്. പച്ചനിറമുള്ള ഭാഗം ചീകിമാറ്റി നിവര്‍ത്തും. ഇതില്‍ കുരുത്തോലയുടെ മടല്‍ കീറിയുണ്ടാക്കിയ മഷിക്കോല്‍ കൊണ്ട് കരിയും മഞ്ഞളും ചെങ്കല്ലരച്ചതും ചേര്‍ത്താണ് വരയ്ക്കുന്നത്. ഭൈരവിയാണ് ഏറ്റവും വലിയകോലം. സാധാരണ പടയണിക്കരകളില്‍ പരമാവധി പത്ത് ഭൈരവിക്കോലങ്ങള്‍ വരെ ഒരു ദിവസം വരുമ്പോള്‍ ഒറ്റരാത്രി എഴുപതോളം വലിയ കോലങ്ങളാണ് താഴൂരില്‍ നിറയുന്നത്.
ഓരോ കുടുംബവും വഴിപാടായി സമര്‍പ്പിക്കുന്ന കോലങ്ങളാണ് ക്ഷേത്ര നടയിലെത്തുന്നത്. ചൂട്ടുകറ്റകളുടേയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് കോലങ്ങളുടെ വരവ്. തുള്ളിയുറഞ്ഞുള്ള കോലങ്ങളുടെ വരവ് കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് പടയണിയുടെ തുടക്കം.കോലങ്ങള്‍ ക്ഷേത്ര വളപ്പിലേക്ക് കടന്നു വരും. നല്‍കിയിരിക്കുന്ന നമ്പര്‍ അനുസരിച്ചാവും ക്ഷേത്രം വലം വയ്ക്കുന്നത്. വീടുകളില്‍ വരയ്ക്കുന്ന കോലങ്ങള്‍ ക്ഷേത്രത്തിലെത്തി കാഴ്ച വച്ച ശേഷമാണ് ഓരോ കുടുംബവും വീടുകളിലേക്ക് മടങ്ങുന്നത്.