menaka

രാജ്യത്തിന്‍റെ ലിംഗനീതി ചരിത്രത്തില്‍ പുതിയ മാറ്റം കൊണ്ടുവരാന്‍ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി. രാജ്യത്തിലെ ആദ്യ എൽജിബിടിക്യുഐഎ എംപിയാകാന്‍ ഒരുങ്ങുകയാണ് മേനക ഗുരുസ്വാമി. തൃണമൂല്‍ കോണ്‍ഗ്രസാണ് അവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. മേനക ഗുരുസ്വാമിക്ക് പുറമെ  മന്ത്രി ബാബുൽ സുപ്രിയോ, മുൻ ബംഗാൾ ഡിജിപി രാജീവ് കുമാർ, നടൻ കോയൽ മല്ലിക് എന്നിവരെയും തൃണമൂൽ സ്ഥാനാർത്ഥികളായി നിർദ്ദേശിച്ചിട്ടുണ്ട്. 

മാർച്ച് 16 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കാണ് തൃണമൂലിന്റെ നാമനിർദ്ദേശം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മേനക ഗുരുസ്വാമി ഇന്ത്യയിലെ ആദ്യത്തെ എൽജിബിടിക്യുഐഎ പാർലമെന്റ് അംഗമാകുമെന്നത് ശ്രദ്ധേയമാണ്. 2018-ൽ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കി മാറ്റിയ ചരിത്രപരമായ ഭരണഘടനാ വിധിയിൽ കേസ് വാദിച്ച അഭിഭാഷകരിൽ ഒരാളാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ മേനക ഗുരുസ്വാമി. 

ഫോറിൻ പോളിസി മാസികയുടെ 2019 ലെ ഏറ്റവും സ്വാധീനമുള്ള 100 ആഗോള ചിന്തകരുടെ പട്ടികയിലും ടൈം മാസികയുടെ 2019 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും അവര്‍ ഇടം പിടിച്ചിട്ടുണ്ട്. ഓക്സ്ഫോർഡിൽ നിന്നും ഹാർവഡിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കിയിട്ടുള്ള മേനക ഗുരുസ്വാമിയുടെ ഛായാചിത്രം ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ റോഡ്‌സ് ഹൗസിലെ മിൽനർ ഹാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും രണ്ടാമത്തെ വനിതയുമാണ് ഗുരുസ്വാമി. 

അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാർട്ടി ഓഫിസുകളിൽ നടത്തിയ റെയ്ഡുകൾക്കെതിരെ തൃണമൂലിന് വേണ്ടി കോടതിയിൽ ഹാജരായതും മേനകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ, പരസ്യമായി സ്വവർഗാനുരാഗിയായി പ്രഖ്യാപിച്ചിട്ടുള്ള ആദ്യത്തെ പാർലമെന്റ് അംഗമായി മേനക ഗുരുസ്വാമി മാറും. 

ENGLISH SUMMARY:

Menaka Guruswamy is set to become India's first LGBTQIA MP, marking a significant shift in the nation's gender justice history. Nominated by the Trinamool Congress for the Rajya Sabha, she brings a powerful voice to parliament, advocating for equality and rights.