adhila-noora

കേരളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയിതാക്കളാണ് ആദിലയും നൂറയും. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് കോടതി ഉത്തരവിലൂടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. നാല് വര്‍ഷമായി ഇരുവരും ലിവിങ് ടുഗെദറിലാണ്. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്‍റുകള്‍ക്ക് മറുപടി നല്‍കിയ നൂറയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 

നൂറ തെറ്റായ ബന്ധത്തിലാണെന്ന തരത്തിലാണ് നെഗറ്റീവ് കമന്‍റുകളിലധികവും. സ്വന്തം കാലില്‍ നിന്ന് ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിയെ കാണുമ്പോള്‍ ആര്‍ക്കാണ് അസ്വസ്ഥത എന്നാണ് നൂറ കുറിച്ചത്. നെഗറ്റീവ് കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം പങ്കുവച്ചാണ് നൂറയുടെ പോസ്റ്റ്. 

'എനിക്ക് കിട്ടേണ്ട കൊച്ചായിരുന്നു, എന്ത് പറയാനാ? എല്ലാം വിധിയുടെ വിളയാട്ടം,' എന്ന് terror_a10 എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്‍റിനാണ് നൂറയുടെ മറുപടി. 'സ്വന്തമായി അധ്വാനിച്ച് പണം സമ്പാദിച്ച്, സ്വന്തം കാലിൽ നിന്ന്, ഇഷ്ടമുള്ള ആളോടൊപ്പം സന്തോഷമായി ജീവിക്കുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ എന്തിനാണ് ചിലർക്ക് ഇത്രയും അസ്വസ്ഥത? ഞങ്ങൾ ആരോടും ഒന്നും ചോദിക്കുന്നില്ല, ഞങ്ങളുടെ ജീവിതം ജീവിക്കുന്നു എന്ന് മാത്രം. ഞങ്ങളുടെ ചെലവുകൾ ഞങ്ങൾ നോക്കുന്നു, ഞങ്ങളുടെ സന്തോഷം ഞങ്ങൾ കണ്ടെത്തുന്നു, ഞങ്ങളുടെ ജീവിതം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. 

adila-noora

എന്നിട്ടും ഞങ്ങളെ കളിയാക്കാനും കുറ്റം പറയാനും ചിലർക്ക് എന്തിനാണ് ഇത്രയും താൽപര്യം? ഞങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടോ? ഞങ്ങളുടെ സന്തോഷം കൊണ്ട് നിങ്ങൾക്ക് എന്താണ് നഷ്ടപ്പെടുന്നത്? എല്ലാവരുടെയും ജീവിതം ഒരുപോലെ ആയിരിക്കണമെന്നില്ല. നമ്മൾക്ക് ഇഷ്ടമില്ലാത്ത ജീവിതരീതിയാണെങ്കിലും മറ്റൊരാളുടെ ജീവിതത്തെ അപമാനിക്കാതെ ഇരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. രണ്ട് പെൺകുട്ടികൾ പരസ്പരം സ്നേഹിച്ച്, സ്വന്തം കാലിൽ നിന്ന്, സന്തോഷമായി ജീവിക്കുന്നതിൽ എന്താണ് ഇത്ര വലിയ പ്രശ്നം? ഞങ്ങളുടെ ജീവിതം നിങ്ങളെ ബാധിക്കുന്നില്ലെങ്കിൽ, ഞങ്ങളുടെ സന്തോഷത്തെ വെറുക്കാൻ ഇത്രയും സമയം ചെലവഴിക്കുന്നത് എന്തിനാണ്?,' നൂറ കുറിച്ചു. 

റെയിന്‍ബോയില്‍ പെട്ടുപോയ തെറ്റുമാത്രമേ പറ്റിയുള്ളൂ എന്ന് 'appukuttan_mbbs_llb' എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്‍റിന് മറുപടി ഇങ്ങനെ- 'ഒരു റെയിൻബോയിൽ പെട്ടുപോയി എന്നൊക്കെയാണ് നിങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിൽ, എന്റെ ജീവിതം ഞാൻ ഇഷ്ടമുള്ളതുപോലെ സന്തോഷത്തോടെ ജീവിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ ആരെ സ്നേഹിക്കണം, എങ്ങനെ ജീവിക്കണം എന്നതൊക്കെ എന്റെ തീരുമാനങ്ങളാണ്. 

adila-noora

നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടണമെന്നോ എന്റെ ജീവിതത്തെ അംഗീകരിക്കണമെന്നോ എനിക്ക് നിർബന്ധമില്ല. പക്ഷേ, നിങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ജീവിതത്തെക്കുറിച്ച് ഇത്രയധികം അസ്വസ്ഥരാകുന്നത് നിങ്ങളുടെ പ്രശ്നമാണ്, എന്റേതല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കൈയിൽ തന്നെ വെച്ചോളൂ. ഞാൻ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ തന്നെ ജീവിക്കും' 

ENGLISH SUMMARY:

Noora, who has been in a living-together relationship with Adhila after overcoming numerous legal and social hurdles, has issued a sharp response to recent online trolling. Sharing screenshots of derogatory comments on social media, she questioned why some individuals feel uneasy seeing a young woman stand on her own feet and live happily. Noora firmly stated that they earn their own living, manage their expenses, and harm no one through their lifestyle choices. Emphasizing that people should respect different ways of living, she concluded that she will continue to live life on her own terms regardless of external criticism.