mohanlal-jailer

Image Credit: Instagram @jishadshamsudeen

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജയിലർ 2'. എന്നാൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിന്റെ സീനുകൾ വെട്ടിച്ചുരുക്കിയത് മലയാളി പ്രേക്ഷകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് പുതിയ ചർച്ചകൾക്ക്  വഴിവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ വസ്ത്രങ്ങളുടെ ചിത്രങ്ങളും അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ജിഷാദ് തന്റെ നിരാശ അറിയിച്ചത്.

മോഹന്‍ലാലിന്റെ പല സീനുകളും ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയെന്നും അദ്ദേഹത്തിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകള്‍ ഒിഴിവാക്കിയെന്നും  അതിനാലിനി ജയിലറിന്റെ അടുത്ത ഭാഗം വന്നാല്‍പ്പോലും സഹകരിക്കില്ലെന്ന് ജിഷാദ് വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തോട് കാണിച്ച അനാദരവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ചിത്രീകരിച്ച ഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ജോലിയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ട്രെയിലറിൽ രണ്ട് സെക്കന്റ് മാത്രം കാണിച്ചപ്പോള്‍പ്പോലും ആ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ പൂർണ്ണമായി ഒഴിവാക്കപ്പെടുകയും, ട്രെയിലറിലുണ്ടായിരുന്ന രംഗങ്ങള്‍പ്പോലും വെട്ടിമാറ്റുകയും ചെയ്തു.  മോഹൻലാൽ സാറിനെപ്പോലെയുള്ള ഒരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ വെട്ടിമാറ്റുന്നത് തികച്ചും അനാവശ്യമാണ്.  നമ്മുടെ സൂപ്പർതാരത്തെ ഇത്തരത്തിൽ ഒഴിവാക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.

സിനിമയുടെ അടുത്ത ഭാഗം വന്നാല്‍പ്പോലും  ഞാൻ അതിന്റെ ഭാഗമായിരിക്കില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.   ഞാൻ വ്യക്തിപരമായ സ്വാധീനങ്ങൾക്കോ, ലാഭത്തിനോ, കോടി ക്ലബ്ബുകൾക്കോ, താരപദവിക്കോ വേണ്ടിയല്ല സിനിമകള്‍ ചെയ്യുന്നത്. ആരാധകർക്കും, സിനിമയെ സ്നേഹിക്കുന്നവർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ് ഞാൻ നില്‍ക്കുന്നത്. എന്റെ യാത്രയിൽ എപ്പോഴും ഒപ്പം നിൽക്കുന്നതിന് നന്ദി'. എന്നിങ്ങെയായിരുന്നു ജിഷാദ് ഷംസുദീന്റെ വാക്കുകള്‍.  കുറിപ്പിന് നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. 'ട്രൈലെർ കാണിച്ചു മോഹൻലാൽ ഫാൻസിനെ തീയേറ്ററിൽ എത്തിച്ചു', 'ബാക്കിയുള്ളവർ സൈഡായി പോകുമെന്ന് പേടിച്ചിട്ടാണ്' എന്നിങ്ങനെയായിരുന്നു കമന്റുകള്‍

ജയിലര്‍ സിനിമയുടെ ആദ്യഭാഗത്ത് ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. സിനിമയില്‍ നായകസ്ഥാനത്തോളം പ്രാധാന്യവും മോഹന്‍ലാലിന് ലഭിച്ചിരുന്നു. തിയേറ്ററുകളിൽ ആവേശം തീർത്ത മോഹൻലാലിന്റെ എൻട്രി സിനിമാപ്രേമികൾ ഒന്നാകെ ഏറ്റെടുത്തിരുന്നു. അതിനാല്‍ത്തന്നെ 'ജയിലർ 2' ലേക്ക് വരുമ്പോള്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷയും ഏറെ മുകളിലായിരുന്നു. 

ENGLISH SUMMARY:

Mohanlal cameo in Jailer 2 has sparked massive controversy after costume designer Jishad Shamsudeen revealed that multiple scenes and three different looks of the superstar were cut from the final theatrical cut. Fans and industry insiders are expressing deep disappointment over the sidelined appearance of the actor in the sequel.