'ജയിലർ 2' നാളെ റിലീസാകാനിരിക്കെ, രജനികാന്ത് ഫാൻസിന് വൈകാരിക കുറിപ്പുമായി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. ‘നാളെ ഒരിക്കല്ക്കൂടി രജനികാന്തിനോട് ഇന്ത്യക്കാർക്കുള്ള സ്നേഹം ലോകത്തിന് മുന്നിൽ പ്രകടമാകും. എഴുപത്താറാം വയസിലും രജനികാന്ത് സ്ക്രീനിൽ മായാജാലം കാട്ടും, ചരിത്രം തിരുത്തിക്കുറിക്കുകയും ചെയ്യും’ അനിരുദ്ധ് ട്വീറ്റിൽ കുറിച്ചു.
‘തലമുറകളായി അദ്ദേഹം നമുക്ക് ഒരുപാട് സന്തോഷവും ചിരിയും രോമാഞ്ചമുണർത്തുന്ന നിമിഷങ്ങളും ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന ഒരുപാട് ഓർമകളും സമ്മാനിച്ചിട്ടുണ്ട്. 51 വർഷമായി അദ്ദേഹം അത് തുടരുകയാണ്. നാളെ, 172-ാം തവണയും തിയറ്ററുകളിലെ വെളിച്ചം മങ്ങുകയും സ്ക്രീനുകൾ തെളിയുകയും ചെയ്യും; ഒപ്പം, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ആ മനുഷ്യനോടുള്ള സ്നേഹത്തിന് ലോകം സാക്ഷ്യം വഹിക്കും. ഒരേയൊരു സൂര്യൻ, ഒരേയൊരു ചന്ദ്രൻ, പിന്നെ ഒരാൾ മാത്രം'- അനിരുദ്ധ് രവിചന്ദർ ട്വീറ്റ് ചെയ്തു.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം രജനീകാന്ത് വീണ്ടും 'ടൈഗർ മുത്തുവേൽ പാണ്ഡ്യൻ' ആയി എത്തുന്ന 'ജയിലർ 2', സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. ‘ജയിലറി’ൽ ബിജിഎം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അനിരുദ്ധ് സീക്വലിലും മാജിക് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം പ്രത്യേകം മ്യൂസിക് ഒരുക്കിയിട്ടുണ്ടെന്ന് അനിരുദ്ധ് പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടപ്പോഴും അനിരുദ്ധിന്റെ മ്യൂസിക് പ്രശംസിക്കപ്പെട്ടു.
പ്രധാന വില്ലൻ കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും മാത്യു എന്ന കഥാപാത്രമായി മോഹൻലാലും 'ജയിലർ 2വിൽ എത്തും. എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.