മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ആക്ഷൻ ചിത്രം 'ഓം; ചാപ്റ്റര്‍ വണ്‍; ഉധിരം ദി ബ്ലഡ് വുഡ്' റിലീസ് ഡേറ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍16ന് നിശ്ചയിച്ചിരുന്ന റിലീസ് ഡേറ്റ് രജിനികാന്ത് ചിത്രം 'ജയിലര്‍ 2'വിന്‍റെ റിലീസിനോടനുബന്ധിച്ച് മാറ്റിവക്കുകയായിരുന്നു. മുന്‍ റിലീസ് ഡേറ്റ് പ്രകാരം തിയേറ്ററില്‍ ധനുഷ്– രജനി, മമ്മൂട്ടി–മോഹന്‍ലാല്‍ ക്ലാഷിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോള്‍ റിലീസ് ഡേറ്റ് മാറ്റിയതോടെ മറ്റൊരു ക്ലാഷിനാണ് അരങ്ങൊരുങ്ങുന്നത്, അച്ഛനും മകനും.
ഓം റിലീസ് ചെയ്യുന്ന അതേ ഡേറ്റിലാണ് ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ആകാശം ലോ ഒകതാര' റിലീസ് ചെയ്യുന്നത്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20ന് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതോടെ തമിഴില്‍ മോഹന്‍ലാല്‍–മമ്മൂട്ടി ക്ലാഷ് നഷ്ടമായെങ്കിലും മമ്മൂട്ടി–ദുല്‍ഖര്‍ ക്ലാഷിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓ'മില്‍ മമ്മൂട്ടി, ധനുഷ് എന്നിവർക്കൊപ്പം സായ് പല്ലവി, ശ്രീലീല, ഇന്ദ്രൻസ്, നസീറുദ്ദീൻ ഷാ എന്നിവരും അഭിനയിക്കുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന്‍റെ സംഗീതം. പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന 'ആകാശംലോ ഒക താര'യില്‍ സാത്വിക വീരപ്പള്ളി, ശ്രുതി ഹാസൻ എന്നിവരാണ് നായികമാർ. ദേശീയ അവാർഡ് ജേതാവായ ജി. വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.