‘മനസിലായോ സാറേ...’ ജയിലര്‍ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രമാണ് മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍രൂപം. രജനീകാന്തും വിനായകനും മത്സരിച്ച് അഭിനയിച്ചപ്പോള്‍ ചിത്രം വന്‍ഹിറ്റ്. വര്‍മന്‍ എന്ന കഥാപാത്രത്തെത്തേടിയുള്ള തന്റെ യാത്ര വിവരിക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍.
ഈ കഥാപാത്രത്തെ കണ്ടെത്താന്‍ ഏറെ കഷ്ടപ്പെട്ടെന്ന് സംവിധായകന്‍ പറയുന്നു. മലയാളി നടൻ ഈ കഥാപാത്രം ചെയ്യണമെന്നത് തുടക്കം മുതലേ തീരുമാനിച്ചിരുന്നു. ഇരുന്നൂറ് ശതമാനം ആത്മാർഥതയോടെയാണ് വിനായകൻ വർമനെ അവതരിപ്പിച്ചത്. മലയാളവും തമിഴും ചേർന്ന് സംസാരിക്കുന്ന ഒരാളായിരിക്കണം വില്ലനെന്ന് കഥ എഴുതുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് പൂർണമായും എഴുതിയ ശേഷം മാത്രം അത് ആര് ചെയ്യണമെന്ന് നിശ്ചയിക്കാമെന്നും വച്ചു. പക്ഷേ പലരെയും മനസ്സിൽ വിചാരിക്കുമ്പോഴും എന്തോ ഒന്ന് മിസ്സിങ് ആയതുപോലെ തോന്നും. പുതിയ ഒരാളെ വച്ചാലോ എന്നുവരെ ആലോചിച്ചു.
മലയാളത്തിലെ വലിയൊരു നടനെ കാസ്റ്റ് ചെയ്താൽ വർമൻ കാണിക്കുന്ന പല മാനറിസങ്ങളും ആക്‌ഷനും ചെയ്യാൻ സാധിക്കുമോ എന്ന സംശയം വന്നു. അത് ഓഡിയൻസിലും ചിലപ്പോൾ നിരാശ ഉണ്ടാക്കിയേക്കാം. പക്ഷേ അയാളെ കണ്ടാലും വ്യത്യസ്തനായിരിക്കണം, അങ്ങനെ തേടി നടക്കുമ്പോഴാണ് വിനായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ശ്രദ്ധിക്കുന്നത്.അവരുടെ മുഖത്തിന്റെ ഷേപ്പും ലുക്കും അവർ അഭിനയിച്ച വേഷങ്ങളും കണ്ടപ്പോൾ ഭയങ്കര റോ ആയി തോന്നി. കൂടാതെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസ്മീറ്റും കണ്ടുനോക്കി. യഥാർഥത്തിൽ വർമന്റെ മാനറിസം ഇദ്ദേഹത്തിലും ഉണ്ടെന്നു തോന്നി. ഇവർ ആയാൽ കറക്ട് ആയിരിക്കുമെന്ന് ഉറപ്പിച്ചു. ഈ സിനിമയിൽ കഷ്ടപ്പെട്ട് കാസ്റ്റ് ചെയ്തത് വിനായകനെയാണ്.
വാരിവലിച്ച് സിനിമകൾ ചെയ്യുന്ന ആളല്ല അദ്ദേഹം. പാഷനായി മാത്രം സിനിമയെ കാണുന്ന ഒരാളാണ്. ഷൂട്ടിങിനിടെ കാരവനിൽ വച്ച് കാലിന്റെ ആങ്കിളിന് ഒടിവുണ്ടായി. കാല് നീര് വച്ച് ഇരിക്കുന്ന സമയത്ത് കസേരയിൽ ഇരുത്തിയാണ് പല ഭാഗങ്ങളും ചിത്രീകരിച്ചത്. ഇത്ര ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും സെറ്റിൽ കാണിക്കില്ല. ഷൂട്ട് ഒരുകാരണവശാലും മുടക്കുകയുമില്ല. അദ്ദേഹത്തെ ഉള്ളിൽ കൊണ്ടു വരുന്നതായിരുന്നു കഷ്ടം, പക്ഷേ അതിനുശേഷം 200 ശതമാനം ആത്മാർഥതയോടെയാണ് വർക്ക് ചെയ്തത്.’’–നെൽസന്റെ വാക്കുകൾ.