jailer-om

തമിഴ് തിരയ്​ക്ക് ഈ ഒക്ടോബറില്‍ തീ പിടിയ്​ക്കും. അത്ര വലിയ ക്ലാഷിനാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 'ഓം ചാപ്റ്റര്‍ വണ്‍' V/S 'ജയിലര്‍ 2', റിലീസിന് ഇനിയും ഒരു മാസം കൂടി ശേഷിക്കുമ്പോള്‍ ഇരുചിത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വമ്പന്‍ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരണം ഇവിടെ പോരാട്ടം രണ്ട് സിനിമകൾ തമ്മില്‍ മാത്രമല്ല. നെല്‍സണ്‍ V/S രാജ്കുമാര്‍ പെരിയസ്വാമി, ധനുഷ് V/S രജനികാന്ത്, മമ്മൂട്ടി V/S മോഹന്‍ലാല്‍, അനിരുദ്ധ് V/S സായ് അഭ്യങ്കര്‍. എങ്ങനെയാവും ഈ ക്ലാഷ്, ആരാവും ബോക്സ്ഓഫീസിലും പ്രേക്ഷകസ്വീകാര്യതയിലും മുന്നിലുണ്ടാവുക. ഒരു താരതമ്യമാവാം.

നെല്‍സണ്‍ V/S രാജ്കുമാര്‍ പെരിയസ്വാമി

ഏകദേശം ഒരേസമയത്താണ് രാജ്കുമാര്‍ പെരിയസ്വാമിയും നെല്‍സണ്‍ ദിലീപ്കുമാറും സംവിധാകരായി കരിയര്‍ ആരംഭിക്കുന്നത്. 2017ലാണ് രാജ്കുമാര്‍ പെരിയസ്വാമിയുടെ ആദ്യചിത്രം 'റംഗൂണ്‍' റിലീസ് ചെയ്തത്. വിജയ് ചിത്രം തുപ്പാക്കിയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു രാജ്കുമാര്‍ സ്വതന്ത്രസംവിധായകനായത്. ആദ്യചിത്രം എ.ആര്‍.മുരുഗദോസാണ് നിര്‍മിച്ചത്. വലിയ താരനിരയില്ലാതിരുന്നിട്ടും മൗത്ത് പബ്ലിസിറ്റി കൊണ്ട് ചിത്രം വിജയമായി. 

തൊട്ടടുത്ത വര്‍ഷമായിരുന്നു നെല്‍സന്‍റെ സംവിധാന അരങ്ങേറ്റം. ആദ്യചിത്രമായ 'കോലമാവ് കോകില'യിലൂടെ തന്നെ തന്നിലെ സംവിധാന മികവ് നെല്‍സണ്‍ തെളിയിച്ചിരുന്നു. തമിഴ്സിനിമയില്‍ അധികം അങ്ങനെ കാണാത്ത ഡാര്‍ക് ഹ്യൂമര്‍ സബ്ജെക്ട് നായികാകേന്ദ്രീകൃതമായാണ് നെല്‍സണ്‍ എടുത്തത്. ബോക്സ് ഓഫീസില്‍ ഹിറ്റായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ലഭിച്ചു. അതിനുശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി 'ഡോക്ടര്‍', അതും ഡാര്‍ക് ഹ്യൂമര്‍. കൊവിഡ് സമയത്ത് ഒടിടിക്ക് കൊടുക്കാതെ തിയേറ്ററുകളിലെത്തിക്കാന്‍ നെല്‍സണ്‍ ചങ്കൂറ്റം കാണിച്ചു. ഫലമോ, ചിത്രം ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ആദ്യ 100 കോടിയായി. 

പിന്നാലെയാണ് 'ബീസ്റ്റ്' വന്നത്. ഇവിടെയാണ് നെൽസന്റെ കരിയറിൽ വലിയൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും ഹിറ്റായതോടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിജയ്‌യെ നായകനാക്കി സിനിമ ചെയ്യാനുള്ള അവസരം നെല്‍സണ് ലഭിച്ചു. പക്ഷേ 'ബീസ്റ്റി'ന് പ്രതീക്ഷകൾക്കൊത്ത പ്രേക്ഷക പ്രതികരണം ലഭിച്ചില്ല. ബോക്സ് ഓഫീസിൽ സിനിമ നേട്ടമുണ്ടാക്കിയെങ്കിലും നെഗറ്റീവ് റിവ്യൂകൾ നെൽസന്റെ കരിയറിനെ കാര്യമായി ബാധിച്ചു. ഒരു അവാർഡ് വേദിയിൽ അദ്ദേഹം അവഗണിക്കപ്പെടുകയും അപമാനിതനാവുക പോലും ചെയ്തു. 

ഇങ്ങനെയുള്ള പടുകുഴിയില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെയുള്ള നെല്‍സന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു 'ജയിലര്‍'. രജനികാന്തിന്റെ സ്റ്റാർഡം കൃത്യമായി ഉപയോഗിച്ച നെൽസൺ, സിനിമയിൽ മോഹൻലാൽ, ശിവരാജ്കുമാർ തുടങ്ങിയ സൂപ്പർതാരങ്ങളുടെ കാമിയോകൾ കൊണ്ടുവന്ന് തിയേറ്റര്‍ പൂരപ്പറമ്പാക്കി. ആഗോള ബോക്സ് ഓഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായാണ് നെല്‍സണ്‍ വീണ്ടും വരുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയും സമ്മർദ്ദവും ഒരുപോലെ വലുതാണ്.

കൃത്യമായ ഇടവേളകളില്‍ നെല്‍സണ്‍ തന്‍റെ സിനിമകളിറക്കുമ്പോള്‍ ആദ്യ ചിത്രമായ 'റംഗൂണി'ന് ശേഷം രണ്ടാമത്തെ ചിത്രമായ 'അമരൻ' ചെയ്യുന്നതിലേക്ക് ഏകദേശം 7 വർഷത്തോളം ഇടവേള രാജ്കുമാറെടുത്തിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബയോപിക് ചിത്രമായിരുന്നു 'അമരൻ'. ഇതിനായി വര്‍ഷങ്ങള്‍ നീണ്ട റിസർച്ചാണ് രാജ്കുമാര്‍ നടത്തിയത്. മുകുന്ദിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ട് വിവരങ്ങൾ ശേഖരിക്കാൻ അദ്ദേഹം ഒരുപാട് സമയം ചിലവഴിച്ചു. വെറും 120 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോള തലത്തില്‍ ഏകദേശം 330 കോടി നേടി. ശിവകാർത്തികേയന്റെ കരിയറിൽ ആദ്യമായി 200 കോടിയും 300 കോടിയും കടക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി അമരൻ മാറി. അതുകൊണ്ട് തന്നെ രാജ്കുമാർ പെരിയസ്വാമിയുടെ മൂന്നാമത്തെ സിനിമ എന്തായിരിക്കും എന്ന ചോദ്യം സ്വാഭാവികമായും വലിയ പ്രതീക്ഷയുണ്ടാക്കുന്നു. 

മമ്മൂട്ടി V/S മോഹന്‍ലാല്‍

ഈ ക്ലാഷിനെ ഇത്രയും വലുതാക്കിയ ഒരു ഫാക്ടറുണ്ട്, മമ്മൂട്ടി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ടീസർ എത്തിയതോടെ ‘ഓം ചാപ്റ്റർ വൺ’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ടീസറിലെ ബര്‍മ കാര്‍ത്തികേയന്‍റെ അവതാരത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. മലയാള സിനിമയിൽ പോലും അടുത്ത കാലത്ത് സംവിധായകർ മമ്മൂട്ടിയെ ഇതുപോലെ ഉപയോഗിച്ചിട്ടില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു. അതിനാൽ തന്നെ രാജ്കുമാർ പെരിയസ്വാമി മമ്മൂട്ടിയെ എങ്ങനെ അവതരിപ്പിക്കും എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ക്യൂരോസിറ്റി ഫാക്ടറുകളിൽ ഒന്ന്.

ക്ലാഷില്‍ മമ്മൂട്ടിക്ക് എതിര് നില്‍ക്കുന്നത് ആരാണ്?, മോഹൻലാൽ. ‘ജയിലർ’ ആദ്യ ഭാഗത്തിലെ മോഹൻലാലിന്റെ കാമിയോ തന്നെ സിനിമയുടെ ഏറ്റവും വലിയ ഹൈ മൊമെന്റുകളിലൊന്നായിരുന്നു. അപ്പോൾ രണ്ടാം ഭാഗത്തിലെ മോഹൻലാൽ എങ്ങനെയായിരിക്കും? എത്ര നേരം? എങ്ങനെയുള്ള കഥാപാത്രം? ഈ ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും പൂർണമായ ഉത്തരമില്ല. പക്ഷേ ഒരു കാര്യം ഉറപ്പ്. മമ്മൂട്ടിയും മോഹൻലാലും ഈ ഒക്ടോബറിൽ, രണ്ട് വലിയ തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. അതുതന്നെ ഈ ക്ലാഷ് മലയാളികളേയും ആവേശത്തിലാക്കുകയാണ്. ഒപ്പം സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെ നിരവധി മലയാളി താരങ്ങളാണ് ജയിലര്‍ രണ്ടാം ഭാഗത്ത് അണിനിരക്കുന്നത്. 

ധനുഷ് V/S രജിനികാന്ത്

‘ജയിലർ 2’ രജിനികാന്തിനെ സംബന്ധിച്ചിടത്തോളം നിർണായകമായൊരു തിരിച്ചുവരവാണ്. കാരണം ‘ജയിലർ’ നൽകിയ വമ്പൻ വിജയത്തിന് ശേഷം എത്തിയ ‘ലാൽ സലാം’, ‘വേട്ടയ്യൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ലോകേഷ് കനകരാജിന്റെ ‘കൂലി’യ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിലെ പ്രകടനം രജിനികാന്തിന് ആശ്വാസം നൽകി. അതുകൊണ്ടുതന്നെ ‘ജയിലർ’ ആദ്യഭാഗത്തിന്റെ വമ്പൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും.

മറുവശത്ത് ധനുഷിനും അടുത്തകാലത്തെ ബോക്സ് ഓഫീസ് കണക്കുകൾ അത്ര ആശ്വാസകരമല്ല. ഒടുവിൽ എത്തിയ ‘കാര’ പ്രതീക്ഷിച്ച വിജയം നേടിയില്ല. ‘തേരേ ഇഷ്‌ക് മേൻ’, ‘കുബേര’ തുടങ്ങിയ ചിത്രങ്ങൾ തരക്കേടില്ലാതെ മുന്നേറിയെങ്കിലും, ‘ഇഡ്​ലി കട‘ പരാജയമായി. അതുകൊണ്ടുതന്നെ ഈ ക്ലാഷിൽ പോരാട്ടം സിനിമകൾ തമ്മിൽ മാത്രമല്ല, രണ്ട് താരങ്ങളുടെ തിരിച്ചുവരവിനും ഇത് നിർണായകമാണ്.

അനിരുദ്ധ് V/S സായ് അഭ്യങ്കര്‍ 

ഇതുവരെയുള്ള നെൽസന്റെ എല്ലാ ചിത്രങ്ങൾക്കും സംഗീതം നൽകിയത് അനിരുദ്ധ് രവിചന്ദർ തന്നെയാണ്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം തെന്നിന്ത്യയൊട്ടാകെ തരംഗമായ വലിയ മ്യൂസിക് ഹിറ്റുകളാണ് പിറന്നത്. ‘ദി പാരഡൈസ്‘, ‘ഡിസി‘ മുതലായ ചിത്രങ്ങളിലൂടെ അനിരുദ്ധ് വന്‍ഫോമിലാണ് ഇപ്പോള്‍. ഇതുവരെ ഇറക്കിയ സ്വതന്ത്ര മ്യൂസിക് വിഡിയോകളായാലും സിനിമ പാട്ടുകളും പശ്ചാത്തലസംഗീതവുമായാലും ട്രെന്‍ഡ് ആക്കിയ ആര്‍ട്ടിസ്റ്റാണ് സായ്. ‘ഓമി‘നായി സായ് ചെയ്ത ടീസറും പാട്ടുകളുമെല്ലാം ഇതിനോടകം തന്നെ ട്രെന്‍ഡിങ്ങിലാണ്. 

അടുത്ത മാസം 15ന് ‘ജയിലര്‍ 2‘ റിലീസ് ചെയ്യും. 16ന് ‘ഓം ചാപ്റ്റര്‍ വണ്ണും'. ഒക്ടോബറിൽ തിയറ്ററുകൾ നിറയുമെന്നതിൽ സംശയമില്ല. പക്ഷേ... ആദ്യ വാരാന്ത്യത്തിന് ശേഷം ബോക്സ് ഓഫീസ് പറയുന്ന കഥയായിരിക്കും യഥാർത്ഥ വിധി. അപ്പോൾ നിങ്ങളുടെ പ്രെഡിക്ഷന്‍ എന്താണ്? ‘ഓം ചാപ്റ്റർ വൺ’ ആണോ? ‘ജയിലർ 2’ ആണോ? ഈ ഒക്ടോബറിൽ തമിഴ് ബോക്സ് ഓഫീസ് ആരുടേതാകും?

ENGLISH SUMMARY:

Tamil cinema is gearing up for a massive box office showdown this October with the high-profile releases of Jailer 2 and Om Chapter 1. Directed by Nelson Dilipkumar, the Rajinikanth-starrer Jailer 2 features a crucial extended cameo by Mohanlal, while Rajkumar Periasamy's Om Chapter 1 stars Dhanush alongside Mammootty in a powerful role. The clash has generated immense hype as it brings legendary Malayalam superstars Mammootty and Mohanlal to the Tamil screen simultaneously in two big-budget projects. Beyond the lead actors, this high-stakes contest pits acclaimed directors Nelson and Rajkumar Periasamy against each other, alongside a musical battle between Anirudh Ravichander and Sai Abhyankkar.