catholic-bava-mammootty

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മമ്മൂട്ടി എന്ന മഹാനടൻ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് ബാവ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കുന്ന പ്രതിഭ എന്നതിലുപരി നിറക്കൂട്ടുകളില്ലാത്ത സഹജീവി സ്നേഹവും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതെന്ന് കാതോലിക്കാ ബാവ ആശംസാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. 'പ്രിയ പ്രതിഭ' എന്ന കറിപ്പൊടി സംരംഭത്തെ പ്രതിഫലം പോലും വാങ്ങാതെ മമ്മൂട്ടി കൈപിടിച്ചുയർത്തിയതിനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

'നിറക്കൂട്ടുകളില്ലാത്ത മമ്മൂട്ടി, പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഈ ദിവസത്തെ ശേഷിക്കുന്ന പിറന്നാൾ ആശംസ ഒരുപക്ഷേ എന്റെ വകയാകാം. നിങ്ങളെല്ലാം മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മുഹൂർത്തങ്ങളിൽ വിസ്മയിക്കുമ്പോൾ എന്നെ സംബന്ധിച്ച് മമ്മൂട്ടി ഒരുപാട് കുഞ്ഞുങ്ങളുടെ പ്രതീക്ഷയാണ്, പ്രത്യാശയാണ്.

പ്രിയ പ്രതിഭ എന്ന കറിപ്പൊടിയെ ഇന്ന് താങ്ങിനിർത്തുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ മഹാമനസ്കതയാണ്. പ്രതിഫലം വേണ്ടെന്നുവച്ച് ഒരു സംരംഭത്തെ കൈപിടിച്ചുയർത്തിയ ദൈവദൂതനാണ് മമ്മൂട്ടി. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായി മമ്മൂട്ടി നിലകൊള്ളട്ടെ. ആ സ്നേഹത്തിന്റെ നീർച്ചാൽ മലയാളിയുടെ ഹൃദയങ്ങളെ നിർമലമാക്കട്ടെ... പിറന്നാൾ ആശംസകൾ സ്നേഹിതാ...,' പരിശുദ്ധ കാതോലിക്കാ ബാവ കുറിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള വരുമാനം കണ്ടെത്താനുള്ള മാർഗമായിരുന്നു 'പ്രിയ പ്രതിഭ' കറിപ്പൊടി. കോവിഡ് കാലത്ത് പൊടിയുടെ വിൽപ്പന പ്രതിസന്ധിയിലായ സമയത്തായിരുന്നു ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി കറിപ്പൊടിയുടെ മാർക്കറ്റിങ് നടത്തിയത്.

ENGLISH SUMMARY:

Baselios Marthoma Mathews III Catholicos, the supreme head of the Malankara Orthodox Syrian Church, shared a heartfelt birthday greeting for megastar Mammootty on Facebook. Describing the actor as an angel who transformed into a beacon of hope for thousands of children, Catholicos Bawa praised his unconditional love and extensive charitable endeavors. He specifically highlighted Mammootty's noble gesture of endorsing the church's 'Priya Prathibha' curry powder venture without taking any fee during a critical financial crisis in the pandemic era. The revenue generated from this spice brand directly supports various charitable institutions managed under the Orthodox Church.