om

TOPICS COVERED

 മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ഇന്ന് 75ാം പിറന്നാളാണ്. രാവിലെ മുതല്‍ തന്നെ ഓരോ പുത്തന്‍ സിനിമകളുടെയും അനൗണ്‍സ്മെന്‍റുകളിലൂടെയും ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെയും സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ടുകൊണ്ടിരിക്കുകയാണ് മമ്മൂക്ക. ഇപ്പോഴിതാ താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ രാജ്കുമാര്‍ പെരിയസാമിയുടെ ഓം എന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിലാകെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 

അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. ചിത്രത്തിന്‍റെ ഒരു പ്രധാനവേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. ബര്‍മ കാര്‍ത്തികേയനായാണ് മമ്മൂട്ടി ഓമിലെത്തുന്നത്. ബര്‍മ കാര്‍ത്തികേയനെ ഫോക്കസ് ചെയ്തുകൊണ്ടാണ് ടീസര്‍ മുന്നോട്ട് പോകുന്നത്. സിയ എന്ന മറ്റൊരുപേരും കാര്‍ത്തികേയനുണ്ട്. ഗ്യാങ്സ്റ്ററാണ് സിയ എന്നാണ് ടീസര്‍ പറഞ്ഞുവെക്കുന്നത്. 

നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ സിയയെ മാസ് രൂപത്തിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയിലെ നടനിലുപരി അദ്ദേഹത്തിലെ താരത്തെ ആഘോഷിക്കുന്ന ചിത്രമായിരിക്കും ഓം എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. സായ് അഭ്യങ്കറിന്‍റെ മാസ് ബിജിഎമ്മില്‍ മമ്മൂട്ടിയുടെ കഥാപാത്രം വരുമ്പോള്‍ തന്നെ കാണികളില്‍ ആവേശം നിറക്കുന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് ഓം തിയറ്ററുകളിലെത്തുന്നത്. 

ENGLISH SUMMARY:

Mammootty's 75th birthday celebrations are in full swing with new movie announcements and character posters igniting social media. Today, the teaser for Rajkumar Periyasamy's National Award-winning film 'Om', featuring Mammootty in a pivotal role, has been released, showcasing the veteran actor's electrifying performance.