മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്ക് സർപ്രൈസ് സമ്മാനമായി അദ്ദേഹത്തിന്റെ പുതിയ ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'മേള' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ഒൻപതാമത്തെ ചിത്രമാണിത്. 'ഫാലിമി' എന്ന ജനപ്രിയ മലയാള ചിത്രത്തിനും തമിഴിലെ 'തലൈവർ തമ്പി തലൈമയിൽ' എന്ന ഹിറ്റിനും ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കാൻവാസിലാണ് ഒരുങ്ങുന്നത്.
ഗംഭീര മാസ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന 'മേള', ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിംഷി ഖാലിദാണ്. ജൂലൈ അവസാനവാരം ചിത്രീകരണം ആരംഭിച്ച സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2027-ൽ തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
'കളംകാവൽ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം എത്തുന്ന മമ്മൂട്ടി കമ്പനി പ്രോജക്റ്റ് എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം 'മേള'യെ നോക്കിക്കാണുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. ജോർജ് സെബാസ്റ്റ്യൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സുനിൽ സിങ് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്ന ചിത്രത്തിന് കാർത്തികേയൻ ആക്ഷൻ രംഗങ്ങളും, ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു.
ALSO READ: കാലം തോൽപ്പിക്കാത്ത താരം; മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ ...
വീണ്ടുമൊരു ‘മേള’
പ്രശസ്ത സംവിധായകൻ കെ. ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1980 ഡിസംബർ 5-ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രത്തിന്‍റെ പേരും 'മേള' എന്നായിരുന്നു. സർക്കസ് കലാകാരന്മാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തെ മലയാള സിനിമയിലെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. മേള രഘുവായിരുന്നു ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം, തുടക്ക കാലത്ത് മമ്മൂട്ടി ആദ്യമായി ശ്രദ്ധേയമായ ഒരു സഹനടൻ വേഷം ചെയ്തത് ഈ ചിത്രത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. മോട്ടോർ സൈക്കിൾ സ്റ്റണ്ട് ജമ്പർ വിജയനായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി.