Image Credit:Instagram/surajvenjaramoodu

Image Credit:Instagram/surajvenjaramoodu

  • 'അഭിനയത്തിന് എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെ ഒരാളില്‍ നിന്ന് ഒരു നല്ല വാക്ക് കിട്ടുന്നത് അതിനേക്കാള്‍ വലിയതാണ്'

തലൈവര്‍ രജിനികാന്തില്‍ നിന്ന് ലഭിച്ച അഭിനന്ദനം ജീവിതത്തില്‍ ഏറ്റവും വലിയ നിമിഷമെന്ന് സുരാജ് വെഞ്ഞാറമ്മൂട്. ജയിലര്‍ 2 വിന്‍റെ ചിത്രീകരണത്തിനിടെ സൂപ്പര്‍താരത്തില്‍ നിന്ന് ലഭിച്ച പ്രശംസ മറക്കാന്‍ കഴിയില്ലെന്നും തന്‍റെ ഷോട്ടിന് ശേഷം അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ദേശീയ പുരസ്കാരത്തെക്കാള്‍ വിലയുള്ള നിമിഷമായി കാണുന്നുവെന്നും സുരാജ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണി നേരത്ത് തന്റെ ഭാഗം ചിത്രീകരിക്കുന്നത് കാണാന്‍ രജിനികാന്ത് ഉറക്കമിളച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.

'രജിനി സാര്‍ അദ്ദേഹത്തിന്‍റെ ഷോട്ട് കഴിഞ്ഞ് സെറ്റ് വിട്ടു പോകേണ്ടതാണ്. പക്ഷേ എന്‍റെ ഭാഗം എടുക്കുന്നത് കാണാന്‍ അദ്ദേഹം കാത്തിരുന്നു. എന്‍റെ ഭാഗം ഞാന്‍ അഭിനയിച്ച് കഴിഞ്ഞതും സംവിധായകന്‍ കട്ട് വിളിച്ചു. പെട്ടെന്ന് ആരോ കയ്യടിക്കുന്നത് ഞാന്‍ കേട്ടു. ആരാണതെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ സാക്ഷാല്‍ രജിനി സാര്‍. അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും പിന്നാലെ സെറ്റ് മുഴുവനും കയ്യടിച്ചതും കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ സ്തബ്ധനായിപ്പോയി. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷമായിരുന്നു അത്. 

അഭിനയത്തിന് എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെ ഒരാളില്‍ നിന്ന് ഒരു നല്ല വാക്ക് കിട്ടുന്നത് അതിനേക്കാള്‍ വലിയതാണ്. അത്രയും വലിയ സൂപ്പര്‍ സ്റ്റാറായിട്ടും സിനിമയെ കുറിച്ചും സഹതാരങ്ങളുടെ പ്രകടനം കാണാനും അദ്ദേഹം സമയം ചെലവഴിക്കുന്നത് പ്രശംസനീയമാണ്. ശരിക്കും വലിയ പ്രചോദനമാണ് അദ്ദേഹം'– സുരാജ് പറഞ്ഞു. രജിനികാന്ത് തന്നെ അഭിനന്ദിക്കുമ്പോള്‍ വിദ്യാ ബാലന്‍ അരികെയുണ്ടായിരുന്നുവെന്നും വിദ്യയും തന്നെ പ്രോല്‍സാഹിപ്പിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അഭിനയരംഗത്ത് തന്‍റേതായ ശൈലി കൊണ്ട് വേറിട്ട മുദ്ര പതിപ്പിച്ചയാളാണ് സുരാജ് വെഞ്ഞാറമ്മൂട്. മൂന്ന് വട്ടം മികച്ച ഹാസ്യതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 2013 ല്‍ 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരവും താരം നേടി. മോഹിനിയാട്ടത്തില്‍ ശ്രദ്ധേയമായ വേഷമാണ് സുരാജ് ചെയ്തത്. 

ENGLISH SUMMARY:

Malayalam actor Suraj Venjaramoodu has described receiving praise from superstar Rajinikanth on the sets of Jailer 2 as one of the most precious moments of his life. In an interview with Hindustan Times, Suraj revealed that Rajinikanth stayed awake until around 2 a.m. to watch his scene being filmed. After the director called “cut,” Rajinikanth reportedly stood up and applauded, prompting the entire set to join in.