comment

സോഷ്യൽ മീഡിയയിലൂടെ സക്രോൾ ചെയ്യുമ്പോൾ, ഒരു വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത, വ്യക്തിഹത്യ നടത്തുന്ന, പരിഹസിക്കുന്ന തരം അനാവശ്യ കമന്‍റുകള്‍ നമ്മൾ സ്ഥിരമായി കാണാറുണ്ട്. സൈബർ ലോകത്തെ ഈ പ്രതിഭാസം കേവലം അഭിപ്രായപ്രകടനമല്ല, മറിച്ച് ആഴത്തിലുള്ള ചില കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. അനാവശ്യ സോഷ്യൽ മീഡിയ കമന്‍റുകള്‍ക്ക് പിന്നിലെ സൈക്കോളജി ഇവയൊക്കെയാണ്:

1. ഓണ്‍ലൈന്‍ ഡിസ്ഇൻഹിബിഷൻ ഇഫക്റ്റ് (Online Disinhibition Effect)

ഒരു കപട പ്രൊഫൈലിന് പിന്നിലോ, സ്ക്രീനിന് അപ്പുറത്തോ ഒളിച്ചിരിക്കുമ്പോൾ പിടിക്കപ്പെടില്ല എന്ന ധൈര്യം ആളുകള്‍ക്ക് ലഭിക്കുന്നു. നേരിട്ടുള്ള ജീവിതത്തിൽ പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും, ഈ ധൈര്യത്തിൽ ഇവർ കമന്‍റുകളായി രേഖപ്പെടുത്തുന്നു. ശിക്ഷിക്കപ്പെടില്ലെന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

2. അന്‍റന്‍ഷന്‍ സീക്കിങ് (Attention Seeking)

comment-instagram

ചില വ്യക്തികൾക്ക് സമൂഹത്തിൽ നിന്നും അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ നിന്നും ആവശ്യത്തിന് പരിഗണന ലഭിക്കാറില്ല. ഒരു വൈറൽ പോസ്റ്റിന് താഴെ വിവാദപരമായോ, അനാവശ്യമായോ കമന്‍റ് ചെയ്യുമ്പോൾ മറ്റുള്ളവർ അതിന് മറുപടി നൽകുകയോ ലൈക്ക് ചെയ്യുകയോ ചെയ്യും. പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് നോക്കാതെ, കുറച്ചുപേരുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിഞ്ഞു എന്നത് ഇവരുടെ അപകർഷതാബോധത്തിന് ഒരു താത്കാലിക ആശ്വാസം നൽകുന്നു.

3. ജെലസി & ഡിസ്പ്ലേസ്മെന്‍റ് (Jealousy & Displacement)

സ്വന്തം ജീവിതത്തിലെ പരാജയങ്ങൾ, നിരാശകൾ, ജോലിസ്ഥലത്തെ സമ്മർദ്ദം എന്നിവ നേരിടാൻ കഴിയാത്തവർ സൈബർ ലോകത്ത് ഇരകളെ കണ്ടെത്തുന്നു. മറ്റൊരാളുടെ സന്തോഷമോ വളർച്ചയോ കാണുമ്പോൾ ഉണ്ടാകുന്ന അസൂയയും അമർഷവും അനാവശ്യമായ ആക്ഷേപങ്ങളിലൂടെയോ പരിഹാസങ്ങളിലൂടെയോ പുറന്തള്ളാൻ ഇവർ ശ്രമിക്കുന്നു.

4. എവരിഡേ സാഡിസം (Everyday Sadism) 

comment-facebook

മറ്റുള്ളവരെ വേദനിപ്പിക്കുന്നതിലൂടെയും പ്രകോപിപ്പിക്കുന്നതിലൂടെയും ആനന്ദം കണ്ടെത്തുന്ന ചില മനഃശാസ്ത്രപരമായ ലക്ഷണങ്ങൾ (Everyday Sadism) ഇത്തരക്കാരിൽ കാണാം. മറ്റൊരാൾ മാനസികമായി തകരുന്നതോ അല്ലെങ്കിൽ തന്‍റെ കമന്‍റ് കാരണം പ്രകോപിതരാകുന്നതോ കാണുമ്പോൾ ഇവർക്ക് മാനസികമായ ഒരു "ഹൈ" (High) ലഭിക്കുന്നു.

5. കൂട്ടംചേരൽ മനോഭാവം (Bandwagon Effect)

ഒരാൾ ഒരു പോസ്റ്റിന് താഴെ മോശം അല്ലെങ്കിൽ അനാവശ്യ കമന്‍റ് ഇട്ടാൽ, ചിന്താശേഷി ഉപയോഗിക്കാതെ അത് ഏറ്റുപിടിക്കുന്ന രീതിയാണിത്. ‘എല്ലാവരും പറയുന്നുണ്ടല്ലോ, ഞാനും പറഞ്ഞേക്കാം’ എന്ന ചിന്താഗതിയാണ് ഇവരെ നയിക്കുന്നത്. തങ്ങൾക്ക് ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ കഴിഞ്ഞു എന്ന തെറ്റായ തോന്നൽ ഇത് നൽകുന്നു.

സൈക്കോളജി അനുസരിച്ച് ഇത്തരം കമന്‍റുകള്‍ ഇടുന്ന വ്യക്തികൾ കാത്തിരിക്കുന്നത് നിങ്ങളുടെ പ്രതികരണത്തിന് (Reaction) വേണ്ടിയാണ്. ഇത്തരക്കാരെ നേരിടാനുള്ള ഏറ്റവും മികച്ച വഴി "Don't Feed the Trolls" എന്നതാണ്. അതായത്, അനാവശ്യ കമന്‍റുകളോട് പ്രതികരിക്കാതെ പൂർണ്ണമായി അവഗണിക്കുക. നിങ്ങളുടെ ശാന്തതയാണ് അവരുടെ ഏറ്റവും വലിയ പരാജയം.

ENGLISH SUMMARY:

Online disinhibition effect psychology explains why people leave negative and toxic comments on social media platforms. Understanding the reasons behind internet trolls helps users ignore cyberbullying and maintain mental peace online.