Image Credit:instagram/divyasiyerias
മാലിന്യ വിമുക്ത കേരളത്തിനായി വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ടി.വി.അനുപമയുമായി തുറന്ന പോരിലാണ് താനെന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകളില്‍ വിശദീകരണവുമായി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍. പദ്ധതികള്‍ വിവാദമായതിനെ തുടര്‍ന്ന് വകുപ്പ് മന്ത്രി പരസ്യപ്രതികരണവും നടത്തിയിരുന്നു. ഇതോടെയാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദിവ്യ എസ്.അയ്യര്‍ വിശദീകരണക്കുറിപ്പിട്ടത്. തനിക്കാരോടും പോരും മല്‍സരവും ഇല്ലെന്നും ഈ പറയുന്നതൊന്നും തന്നെ കുറിച്ചല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭാവനയില്‍ നിന്നുണ്ടാക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുറിപ്പിങ്ങനെ: പോരും ഇല്ലാ. പോരാത്തതിനു മല്‍സരവും ഇല്ല. മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു. പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ 'പഴിചാരി' കേട്ട ഓർമ്മയുള്ളു. ഇപ്പോൾ പോര്, മല്‍സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്.
ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ ക്യത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർത്ഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു 'വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്, അത് മാത്രമാണ് പോര്'- സസ്നേഹം ദിവ്യ എന്ന ക്യാപ്ഷനോടെ ദിവ്യ എസ്. അയ്യര്‍ എഴുതി.
അതേസമയം, ഒരേ ദിവസം രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചതോടെയാണ് തദ്ദേശ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി.അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം പരസ്യമായത്. ഒരേവേദിയിലായിരുന്നു ഒരേമട്ടിലുള്ള രണ്ട് പദ്ധതിയും പ്രഖ്യാപിച്ചത്. ഗാന്ധിജയന്തിയില്‍ ടി.വി. അനുപമ കൊണ്ടുവന്ന നിര്‍മലം പദ്ധതി മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്തത്. ലോകബാങ്ക് സഹായത്തോടെയാണ് ദിവ്യ എസ്.അയ്യരുടെ 'ഐ കെയര്‍ ഐ ക്ലീന്‍ 100 പദ്ധതി.
രണ്ട് പദ്ധതികള്‍ ഒരേസമയം വന്നതോടെ ഏതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. ഏതെങ്കിലുമൊരു പദ്ധതി മാറ്റിയാല്‍ വകുപ്പ് മേധാവിമാരുടെ അനിഷ്ടം വരുമെന്നതാണ് ആശങ്ക. ഫലപ്രദമായ മാലിന്യ സംസ്ക്കരണ മാതൃകകള്‍ തീര്‍ത്ത് തദ്ദേശസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍മല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഓരോ വാര്‍ഡുകളിലെയും മാലിന്യം തള്ളുന്ന ഏതെങ്കിലുമൊരു സ്ഥലം കണ്ടെത്തി നൂറ് ദിവസത്തിനുള്ളില്‍ വൃത്തിയാക്കി റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ഹന്‍ഡ്രഡ് ചലഞ്ച്. ഫണ്ട് വിഹിതത്തില്‍ ഉള്‍പ്പെടെ ഏത് പദ്ധതിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന സംശയം ഇതിനകം രേഖാമൂലം ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ തദ്ദേശവകുപ്പ് മേധാവിയോട് തന്നെ ആരാഞ്ഞിട്ടുണ്ട്.
എന്നാല്‍ തന്‍റെ വകുപ്പില്‍ 'പോരല്ല, മല്‍സരമാണെ'ന്നായിരുന്നു വിവാദത്തില്‍ വകുപ്പ് മന്ത്രിയുടെ പ്രതികരണം. 'വാര്‍ത്തയില്‍ എനിക്ക് അതിശയമില്ല. കാരണം വകുപ്പില്‍ അത്തരിലുള്ള ഒരു പ്രശ്‌നവുമില്ല. ഒരുതരത്തില്‍ നെഗറ്റീവ് ആവാം എന്ന് ഉദ്ദേശിച്ചു വന്ന വാര്‍ത്തയാണെങ്കിലും ഇതൊരു പോസിറ്റീവ് ആണ്. ശുചിത്വത്തിനു വേണ്ടിയല്ലേ, ഐഎഎസ് ഓഫിസര്‍മാര്‍ മാത്രമല്ല നാട്ടിലെ ജനങ്ങളൊക്കെ മല്‍സരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം’ മന്ത്രി കെ.എം.ഷാജി പറഞ്ഞു. ഇതിന് പിന്നാലെയാണ് പോരുമില്ല, മല്‍സരവുമില്ല എന്ന് ദിവ്യ എസ്. അയ്യരുടെ വിശദീകരണം പുറത്തുവന്നത്.