Murshidabad [West Bengal], Dec 06 (ANI): Suspended TMC MLA Humayun Kabir lays the foundation stone of Babri Masjid, in Murshidabad on Saturday. (ANI Video Grab)
ബാബറി മസ്ജിദ് മോഡല്‍ പള്ളി നിര്‍മിക്കാന്‍ തറക്കല്ലിട്ട് ബംഗാളിലെ എംഎല്‍എ ഹുമയൂണ്‍ കബീര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എംഎല്‍എയായ ഹുമയൂണ്‍ മൂര്‍ഷിദാബാദിലാണ് ബാബറി മോഡല്‍ മോസ്ക് നിര്‍മിക്കാന്‍ തയാറെടുക്കുന്നത്. ഹുമയൂണിന് പിന്തുണയുമായി അനുകൂലികള്‍ ഇഷ്ടികയും ചുമന്ന് പ്രകടനവുമായെത്തി. ഇതോടെ മൂര്‍ഷിദാബാദില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. 1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്.
ഉച്ചയോടെയായിരുന്നു ഹുമയൂണ്‍ കബീറിന്‍റെ നേതൃത്വത്തില്‍ പള്ളിക്കുള്ള കല്ലിടല്‍ ചടങ്ങ് നടന്നത്. ഖുര്‍ ആന്‍ വചനങ്ങള്‍ ചൊല്ലിയ ശേഷം രണ്ടായിരത്തോളം വരുന്ന അനുകൂലികളെ സാക്ഷി നിര്‍ത്തി എംഎല്‍എ കല്ലിട്ടു. മൂന്ന് ലക്ഷം ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നായിരുന്നു ഹുമയൂണ്‍ കബീറിന്‍റെ അവകാശവാദം. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പൊലീസും കേന്ദ്രസേനയും വന്‍ സുരക്ഷയാണ് പ്രദേശത്ത് തീര്‍ത്തത്. മൂര്‍ഷിദാബാദിലെ ബെല്‍ഡങ്കയിലായിരുന്നു ചടങ്ങുകള്‍.
ബാബറി മോഡല്‍ പള്ളി താന്‍ പണിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഹുമയൂണ്‍ കബീര്‍ പുറത്തായത്. ബിജെപിയടക്കം രൂക്ഷ വിമര്‍ശനമാണ് എംഎല്‍എയ്ക്കെതിരെ ഉയര്‍ത്തിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ധ വളര്‍ത്താനും മമത എംഎല്‍എമാരെ ഉപയോഗിക്കുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിഷയം കല്‍ക്കട്ട ഹൈക്കോടതിയിലുമെത്തിയെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു. ക്രമസമാധാനനില പരിപാലിക്കാനുള്ള നടപടി ശക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Google trending Topic: Babri Masjid