nameless-station

Image Credit: x.com/39_mhn

TOPICS COVERED

ഇന്ത്യയുടെ ജീവനാഡിയാണ് റയില്‍വേ. രാജ്യത്തെ 7200 ത്തിലധികം സ്റ്റേഷനുകളിലായി ദിവസേനെ യാത്ര ചെയ്യുന്നത് ലക്ഷക്കണക്കിന് യാത്രക്കാരാണ്. ഓരോയിടത്തെയും തിരിച്ചറിയുന്നത് റയില്‍േവ സ്റ്റേഷന്‍റെ പേരാണ്. എന്നാല്‍ പേരില്ലാത്തൊരു സ്റ്റേഷന്‍ ഇന്ത്യയിലുണ്ട്. പശ്ചിമ ബംഗാളിലെ ഒരു സ്റ്റേഷനാണ് മഞ്ഞ ബോര്‍ഡില്‍ പേരില്ലാതിരിക്കുന്നത്. 

2008 ലാണ് ഈ കഥ ആരംഭിക്കുന്നത്. പശ്ചിമബംഗാളിലെ ബങ്കുര-മസാഗ്രാം റെയിൽ സെക്ഷനില്‍ ഇന്ത്യന്‍ റയില്‍വേ സ്റ്റേഷന്‍ ആരംഭിച്ചു. ബർധമാൻ നഗരത്തില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ റയ്ന, റായ്നഗര്‍ ഗ്രാമങ്ങള്‍ക്കിടയിലായിരുന്നു സ്റ്റേഷന്‍.  

സ്റ്റേഷന്‍ നിര്‍മാണത്തിനു ശേഷം റായ്നഗര്‍ എന്ന പേരാണ് റയില്‍വേ ഔദ്യോഗികമായി സ്വീകരിച്ചത്. ഈ പേരോടെ മഞ്ഞ ബോര്‍ഡും സ്ഥാപിച്ചു. സ്വന്തം നാടിന്‍റെ പേരില്‍ റയില്‍വേ സ്റ്റേഷന്‍ വന്നതോടെ ഗ്രാമീണരും ആഘോഷം തുടങ്ങി. എന്നാല്‍ സന്തോഷം അധികദിവസം നീണ്ടില്ല. സമീപത്തെ റയ്ന ഗ്രാമവാസികള്‍ പ്രശ്നവുമായെത്തി. സ്റ്റേഷനും പ്ലാറ്റ്ഫോമുമിരിക്കുന്ന സ്ഥലം തങ്ങളുടെ ഗ്രാമത്തിലാണെന്നാണ് റയ്നയിലുള്ളവര്‍ അവകാശപ്പെട്ടത്. ഇതോടെ പേര് തങ്ങളുടെ ഗ്രാമത്തിന്‍റേതാക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

തര്‍ക്കം രൂക്ഷമായതോടെ പ്രശ്നം റയില്‍വേ ബോര്‍ഡിന് മുന്നിലെത്തി. പലതവണ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും സമവായത്തിലെത്തിയില്ല. റയിൽവേയുടെ തീരുമാനത്തെ നാട്ടുകാർ കോടതിയിൽ ചോദ്യം ചെയ്തതിനാൽ സ്റ്റേഷന് പേരിടൽ പ്രക്രിയ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. തര്‍ക്കം റയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെ മഞ്ഞ ബോര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്തു. ഇന്നും പേരില്ലാതെയാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 

പേരില്ലെങ്കിലും പ്രവര്‍ത്തനത്തിന് തടസമൊന്നുമില്ല. റായ്‌നഗർ എന്ന പേരിലാണ് ഇപ്പോഴും ടിക്കറ്റുകള്‍ നല്‍കുന്നത്. ബങ്കുര–മസ്ഗ്രാം മെമുവിന് ഇവിടെ സ്റ്റോപ്പുമുണ്ട്. 

ENGLISH SUMMARY:

Did you know there is a railway station in India without a name? Located in West Bengal's Bankura-Masagram section, this station has been nameless since 2008 due to a dispute between Raina and Rainagar villages. Learn more about its history.