AI Generated Image
വിവാഹത്തിന് അധികം സ്വർണം ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്‍റെ ഉത്തരവില്‍ പറയുന്നത്. ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്.
ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാന്തർ, ഇന്ദ്രാണി ഗ്രാമങ്ങളാണ് ഇത്തരമൊരു വിചിത്ര തീരുമാനവുമായി രംഗത്തെത്തിയത്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്‍റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതിയുള്ളത്.
വിവാഹത്തില്‍ സ്വര്‍ണത്തിന് നല്‍കുന്ന അമിത പ്രാധാന്യവും അത് വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു മാറ്റത്തിന് ഭൂരിപക്ഷം ആളുകളും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വർണം കുറയ്ക്കാനും നിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചത്. പലരും സ്വർണം വാങ്ങാൻ വാശിപിടിക്കുന്നത് വീട്ടുകാർക്ക് വന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
തീരുമാനം വൈറലായതോടെ ചില സ്ത്രീകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് പിന്തുണയുമായി പുരുഷന്‍മാരുമുണ്ട്. എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.