Image Credit | Madan Gauri and Dubai Police

Image Credit | Madan Gauri and Dubai Police

ദുബായില്‍ നഷ്ടപ്പെട്ട തന്‍റെ ഫോണ്‍ സുരക്ഷിതമായും സൗജന്യമായും ചെന്നൈയില്‍ തിരികെ എത്തിച്ച ദുബായ് പൊലീസിനെ പുകഴ്ത്തി യൂട്യൂബര്‍. തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബർ മദൻ ഗൗരിയാണ് തന്‍റെ അനുഭവം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. 2025 സെപ്റ്റംബർ 2ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് മദന്‍ അനുഭവം പങ്കുവച്ചത്. 

ഒരാഴ്ച മുന്‍പ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍വച്ചാണ് മദന്‍റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നത്. പിന്നാലെ സംഭവം എയര്‍ഹോസ്റ്റസിനെ അറിയിച്ചതായും അവർ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ഒരു ഇമെയിൽ അയക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മദന്‍ ഗൗരി പറയുന്നത്.  ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് ലഭിച്ചത് ഫോൺ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്ന മറുപടിയായിരുന്നു. എന്നാല്‍ അതിനേക്കാള്‍ തന്നെ അദ്ഭുതപ്പെടുത്തിയത് ദുബായ് പൊലീസ് ഏറ്റവും അടുത്ത ഫ്ലൈറ്റിന് ഫോണ്‍ ചെന്നൈയിലേക്ക് സൗജന്യമായി തിരിച്ചയച്ചു എന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു. 

വൈറലായ വിഡിയോയിൽ അദ്ദേഹം ദുബായ് പൊലീസിനും എമിറേറ്റ്‌സിനും നന്ദി പറയുന്നുണ്ട്. ‘വിമാനത്താവളത്തിൽ എവിടെ വച്ചാണ് ഫോണ്‍‌ നഷ്ടപ്പെട്ടതെന്ന് ഓർമ്മയില്ല. അത് തിരികെ കിട്ടുന്നതെങ്ങനെ എന്ന് സംശയവുണ്ടായിരുന്നു. എന്നാല്‍ വിഷമിക്കേണ്ട. ഫോണ്‍ വിമാനത്താവളത്തിലുണ്ടെങ്കില്‍ തിരികെ കിട്ടും എന്നായിരുന്നു എയർഹോസ്റ്റസ് പറഞ്ഞത്. പക്ഷേ തനിക്ക് വിശ്വാസമില്ലായിരുന്നു’ അദ്ദേഹം വിഡ‍ിയോയില്‍ പറയുന്നു. ഇതിനകം 2.9 ദശലക്ഷത്തിലധികം പേരാണ് മദന്‍ ഗൗരി പങ്കുവച്ച വിഡിയോ കണ്ടത്. 3 ലക്ഷത്തിലധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.  

പിന്നാലെ ദുബായ് പൊലീസിനെ പ്രശംസിച്ച് നെറ്റിസണ്‍സുമെത്തി. ‘ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്ന്’ എന്നാണ് യുഎഇയെക്കുറിച്ച് പലരും പോസ്റ്റിന് താഴെ കുറിച്ചത്. അതേസമയം, ഇത് സാധാരണ എയർലൈൻ നടപടിക്രമമാണ്. എമിറേറ്റ്‌സ് മാത്രമല്ല, എല്ലാ എയർലൈനുകളും ഈ നടപടിക്രമം പിന്തുടരുന്നുവെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. അതേസമയം, മറ്റൊരാള്‍ തനിക്കുണ്ടായ സമാന അനുഭവവും പങ്കുവച്ചിട്ടുണ്ട്. ‘ദുബായിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേ T3 ടെർമിനലിൽ വെച്ച് എന്റെ ലാപ്‌ടോപ്പ് ബാഗ് നഷ്ടപ്പെട്ടു. ഇമെയിൽ വഴിയാണ് ഞാൻ പരാതി നൽകിയത്. 3 ദിവസത്തിനുള്ളിൽ, ചെന്നൈ വിമാനത്താവളത്തിൽ എനിക്ക് ബാഗ് തിരികെ ലഭിച്ചു. ദുബായ് വിമാനത്താവളം നൽകുന്ന സേവനങ്ങളുടെ നിലവാരം മറികടക്കാന്‍ മറ്റാര്‍ക്കും കഴിയില്ല’ അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Popular Tamil YouTuber Madan Gowri shared his remarkable experience of losing his phone at Dubai International Airport and getting it back safely in Chennai free of cost. In a viral Instagram video posted on September 2, 2025, Madan revealed that he had only sent an email after informing an airhostess, and within days, Dubai Police ensured his phone was sent back on the next flight. His post,