8000 അടി ഉയരത്തില്‍ പാരാഗ്ലൈഡിങ്ങിനിടെ ഇന്ത്യന്‍ വനിതാ ഡിജെയുടെ പെര്‍ഫോമന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡിജെ ട്രിപ്സ് എന്ന പേരില്‍ അറിയപ്പെടുന്ന യുവതിയാണ് പാരാഗ്ലൈഡിങ്ങിനിടെ ഡിജെ കണ്‍സോളുമായി ചരിത്രം കുറിച്ചത്.
ഡിജെ കണ്‍സോളിലെ മുഴുവൻ ഉപകരണങ്ങളും സുരക്ഷിതമായി കെട്ടിവച്ച്, ഹെഡ്‌ഫോൺ ധരിച്ചാണ് ഡിജെ ട്രിപ്സ് ആത്മവിശ്വാസത്തോടെ പ്രകടനം നടത്തുന്നത്. വിദഗ്ദ്ധനായ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടറും ഈ അസാധാരണമായ അനുഭവം ആസ്വദിക്കുന്നത് വിഡിയോയില്‍ കാണാം.
ഹിമാചല്‍പ്രദേശിലെ ബീറിലാണ് ഈ സാഹസികപ്രകടനം നടന്നത്. എല്ലാം അത്ര എളുപ്പമായിരുന്നില്ലെന്നാണ് പ്രകടനത്തിനു ശേഷം ഡിജെ ട്രിപ്സിന്റെ പ്രതികരണം. ആദ്യഘട്ടത്തില്‍ കണ്‍സോളില്‍വന്ന തകരാറുകള്‍ തന്റെ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുമെന്ന് തോന്നി, എങ്കിലും പാരാഗ്ലൈഡിങ്ങിന് അരമണിക്കൂര്‍ മുന്‍പ് തകരാറുകള്‍ പരിഹരിക്കപ്പെട്ടു. ഇത് ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവത്തിലേക്ക് തന്നെ നയിച്ചു.
കാഴ്ചക്കാരിൽ നിന്നും ലഭിച്ചത് വലിയ പ്രതികരണമായിരുന്നുവെന്നും ഡിജെ ട്രിപ്സ് പറയുന്നു. സ്ത്രീകള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നായിരുന്നു ഒരാളുടെ കമന്റ്.