വിഡിയോയില്‍ നിന്നുള്ള ദൃശ്യം
ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാനെ വിവാഹം കഴിപ്പിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഈ ഉപദേശം തനിക്കും ബാധകമെന്ന രാഹുല്‍ഗാന്ധിയുടെ കമന്‍റ് വാര്‍ത്താസമ്മേളനത്തില്‍ ചിരി പടര്‍ത്തി. ബിഹാറിലെ അരാരിയ ജില്ലയില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടെയാണ് നര്‍മസംഭാഷണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ എന്ന തരത്തില്‍ താന്‍ ‘ഹനുമാന്‍’ആണെന്ന് ചിരാഗ് പസ്വാന്‍ നിരന്തരം പറയുന്നതിനെ പരിഹസിച്ചാണ് തേജസ്വിയുടെ കമന്‍റ് വന്നത്. വാര്‍ത്താസമ്മേളനത്തിൽ, ഒരു മാധ്യമപ്രവർത്തകൻ യാദവിനോട് ചിരാഗ് പാസ്വാൻ ആർജെഡിക്കും കോൺഗ്രസിനും ഇടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു തേജസ്വിയുടെ കമന്‍റ് .
‘ചിലർ പ്രത്യേക വ്യക്തികളുടെ ‘ഹനുമാൻ’ ആണ്. പക്ഷേ നമ്മൾ ജനങ്ങളുടെ ‘ഹനുമാൻ’ ആണ്. ചിരാഗ് പാസ്വാൻ പ്രശ്നക്കാരനല്ല. ഒരു മൂത്ത സഹോദരനായി ഞാൻ കരുതുന്ന ചിരാഗ് പാസ്വാനുമായി ഒരു വിഷയത്തിലും തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാൻ മാത്രമേ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുകയുള്ളൂ. അതിനുള്ള സമയമായിരിക്കുന്നു’. രണ്ട് കുട്ടികളുടെ പിതാവായ 35 വയസ്സുകാരന്‍റെ ഈ പരാമർശം ജനക്കൂട്ടത്തിൽ ചിരി പടർത്തി. എത്രയും പെട്ടെന്ന് വിവാഹം കഴിക്കാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുകയാണ്’-തേജസ്വി പറഞ്ഞു. ‘ഇത് എനിക്കും ബാധകമാണെന്നായിരുന്നു തേജസ്വിയുടെ പരാമർശം കേട്ട രാഹുലിന്‍റെ പ്രതികരണം.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തേജസ്വയുടെ പിതാവില്‍ നിന്നും സമാനമായ ഒരു നിർദ്ദേശം തനിക്ക് ലഭിച്ചിരുന്നെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയത്തിലുള്ളതിനാൽ പ്രചാരണത്തിന് ചിത്രം ആവശ്യമില്ലെന്ന് 2020ലെ ബീഹാർ തിരഞ്ഞെടുപ്പിനിടെ ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ ഉള്‍പ്പെടെ സൂചിപ്പിച്ചായിരുന്നു തേജസ്വിയുടെ പ്രതികരണം.