രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലായിരുന്നു രാഹുൽ ഗാന്ധി മുന്‍ കരസേനാ മേധാവി എം.എം.നരവനെയുടെ ഓർമക്കുറിപ്പുകൾ വായിച്ചത്. ഏതാണ് ഇത്ര വിവാദമായ പുസ്തകം. എന്താണ് വിവാദമെന്ന് പരിശോധിക്കാം.

ഇന്ത്യയുടെ 28-ാം കരസേന മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2019 ഡിസംബർ 16ന് ജനറൽ ബിബിൻ റാവത്തിന്റെ പിൻഗാമിയായി കരസേനാ മേധാവിയായി. 2022 ഏപ്രിലിൽ ആ പദവിയിൽനിന്ന് വിരമിച്ചു. വിരമിച്ചശേഷം എം.എം.നരവനെ തന്‍റെ സര്‍വീസ് സ്റ്റോറി എഴുതി. Four Stars of Destiny എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്. സിക്കിം അതിര്‍ത്തിയില്‍ യുവ സൈനിക ഉദ്യോഗസ്ഥനായി സൈനിക സേവനം തുടങ്ങിയത് മുതല്‍ കരസേനാധിപനായി ഗാല്‍വാന്‍ സംഘര്‍ഷം നേരിട്ടതുവരെയുള്ള കാര്യങ്ങള്‍ നരവനെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സൈന്യത്തിലെ ഹൃസ്വകാല നിയമന പദ്ധതിയായ അഗ്നിപഥ്, ഗാല്‍വാന്‍ സംഘര്‍ഷം, ദോക്‌ലാം വിഷയം എന്നിവയെക്കുറിച്ച് പുസ്തകത്തിലുള്ള ഭാഗമാണ് വിവാദമായത്. ചൈനീസ് ഭാഗത്തുനിന്ന് ടാങ്കുകള്‍ വരുന്നുവെന്നും പുസ്തകത്തില്‍ പരമാര്‍ശമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എം.എം.നരവനെയുടെ ഓർമക്കുറിപ്പുകളിൽ നിന്നുള്ള ചില ഭാഗങ്ങൾ 2023ൽ ഒരു വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചതോടെയാണ് പുസ്തകം പരിശോധിക്കാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ 2024ൽ പുറത്തിറങ്ങേണ്ട പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകി. നിലവില്‍ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പുസ്തകം പുറത്തിറക്കുന്നതിന് ഇനി പ്രതിരോധമന്ത്രാലയത്തിന്‍റെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും അനുമതി ലഭിക്കണം. വിരമിച്ച ശേഷം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സേനാ ഉദ്യോഗസ്ഥർക്ക് വിലക്കില്ല. എന്നാല്‍ രാജ്യസുരക്ഷ, ഇന്‍റലിജന്‍സ് എന്നിവയെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

ENGLISH SUMMARY:

Rahul Gandhi referenced excerpts from former Army Chief M.M. Naravane's book 'Four Stars of Destiny' during a debate on the President's address. This has sparked controversy over the book's contents, particularly regarding the Agnipath scheme, Galwan clash, and Doklam issue.