• ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്താന്‍ എങ്ങനെയാണ് സര്‍വകലാശാലയ്ക്ക് ധൈര്യം വന്നതെന്നും സമയം വരുമ്പോള്‍ നിങ്ങളാകും ഉത്തരം പറയേണ്ടി വരികയെന്നും രാഹുല്‍

ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി സര്‍വകലാശാലയുടെ അറിയിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്താന്‍ എങ്ങനെയാണ് സര്‍വകലാശാലയ്ക്ക് ധൈര്യം വന്നതെന്നും സമയം വരുമ്പോള്‍ നിങ്ങളാകും ഉത്തരം പറയേണ്ടി വരികയെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സര്‍വകലാശാലയുടെ ട്വീറ്റ് പങ്കുവച്ചാണ് രാഹുലിന്‍റെ കുറിപ്പ്.

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് നിര്‍ദേശം പുറപ്പെടുവിച്ചതെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വാദം. നിയമവിരുദ്ധമായി സംഘം ചേരുന്നതില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ വിലക്കുന്നതായിരുന്നു സര്‍വകലാശാലയുടെ ട്വീറ്റ്. വിദ്യാര്‍ഥികളെയും ഫാക്കല്‍റ്റിയെയും അഭിസംബന്ധ ചെയ്തായിരുന്നു നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

 'പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, ഫാക്കല്‍റ്റിമാരേ.. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്. ജന്തര്‍ മന്തറില്‍ നടക്കുന്ന നിയമവിരുദ്ധമായ കൂടിച്ചേരലുകളിലും പ്രതിഷേധങ്ങളിലും നിന്ന് ദയവായി ഒഴിഞ്ഞു നില്‍ക്കുക. അത്തരം സംഘം ചേരലുകള്‍ സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണ്. അത് നിയമനടപടികള്‍ക്ക് വഴിവയ്ക്കും. അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും ഒപ്പം പഠന പുരോഗതിക്കും പ്രഫഷനല്‍ അവസരങ്ങള്‍ക്കും തടസം സൃഷ്ടിക്കുമെന്ന് ആര്‍ക്കുക. ആയതിനാല്‍ എല്ലാ വിദ്യാര്‍ഥികളും ജന്തര്‍ മന്തറില്‍ നിന്ന് അകന്ന് നില്‍ക്കുകയും സ്വന്തം സുരക്ഷയും നിയമം പാലിക്കാനും ശ്രദ്ധിക്കുക. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിലും ജാഗ്രത വേണം'- എന്നാണ് കുറിപ്പ്. 

 അതിനിടെ കേന്ദ്രസര്‍ക്കാരുമായി സിജെപി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച നാളെ വൈകുന്നേരത്തേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രിയുെട രാജി ചോദിച്ച് വാങ്ങണമെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിലേക്ക് നീങ്ങുമെന്നും വിദ്യാര്‍ഥി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പ്രധാന്‍റെ രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. 

ENGLISH SUMMARY:

Leader of Opposition Rahul Gandhi has strongly criticized Delhi University for issuing warnings against students planning to protest at Jantar Mantar. Questioning how the university dared to threaten students exercising their democratic rights, he warned that authorities would be held accountable in due course. Delhi University had defended its advisory by claiming it was issued to ensure student safety and prevent unlawful assemblies, citing potential legal repercussions and academic disruptions. Meanwhile, talks between the central government and student groups remained inconclusive as students stood firm on demanding Education Minister Dharmendra Pradhan's resignation. Rahul Gandhi reiterated his staunch support for the demand, asserting that nothing short of the minister's resignation would be accepted. With student leaders threatening to escalate protests toward demanding the Prime Minister's resignation, the deadlock continues.