വിദ്യാർത്ഥികളും യുവജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നടത്തിയ ഐതിഹാസിക പോരാട്ടത്തിനും പാർലമെന്റിൽ പ്രതിപക്ഷം സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കും ഒടുവിലാണ് നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചുദിവസമായി ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം പാർലമെന്റിൽ നടത്തിയ പ്രതിഷേധങ്ങൾക്കൊപ്പമാണ്, സ്വന്തം സുരക്ഷ പോലും വകവെക്കാതെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടിയത്. പൊലീസ് നടപടിയിൽ രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും പരിക്കേറ്റിട്ടും, തങ്ങളുടെ ബുദ്ധിമുട്ടുകളേക്കാൾ വിദ്യാർത്ഥികൾ നേരിട്ട ക്രൂരതയാണ് രാജ്യം ചർച്ച ചെയ്യേണ്ടത് എന്ന അദ്ദേഹത്തിന്റെ നിലപാട് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും ആവേശമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'നിരന്തരമായി ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായിട്ടും അതിനെതിരെ ശബ്ദിച്ച വിദ്യാർത്ഥികളെ പൊലീസുകാരെയും സി.ആർ.പി.എഫിനെയും ഉപയോഗിച്ച് തല്ലിച്ചതച്ച നടപടി വരുംദിവസങ്ങളിൽ പാർലമെന്റിൽ ഞങ്ങൾ ശക്തമായി ചോദ്യം ചെയ്യും. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗിക്കാൻ നിർദ്ദേശം നൽകിയതിന് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയേണ്ടതുണ്ട്. യുവാക്കളെ ആകർഷിക്കാൻ വീഡിയോ ചെയ്യുന്ന പ്രധാനമന്ത്രി, അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം മൂക്കിന് താഴെ പേപ്പട്ടികളെക്കാൾ മോശമായി വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഈ മൃഗീയമായ നടപടിയിൽ രാജ്യത്തോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം.
പരീക്ഷാ സമ്പ്രദായങ്ങൾ കുറ്റമറ്റതാക്കാൻ സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ചേർന്ന് ഒറ്റക്കെട്ടായി തീരുമാനങ്ങൾ എടുക്കും. അൻപത്താറിഞ്ച് നെഞ്ചളവ് വെച്ച്, പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിയണം. പിണറായി വിജയന്റെ മകൾക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തിൽ, പിണറായി വിജയന്റെ സ്വാധീനം ഉപയോഗിച്ചാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്ന ഞങ്ങളുടെ ആദ്യത്തെ ആരോപണം ഇപ്പോൾ പൂർണ്ണമായും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സമരം ചെയ്യുന്നവരോട് പൊലീസ് സ്വീകരിക്കുന്ന സമീപനങ്ങളിൽ കൃത്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. ആലപ്പുഴ വള്ളംകളിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചപ്പോൾ പുതിയ ഓപ്പൺ ടെൻഡർ വിളിക്കാൻ അധികാരികൾ തയ്യാറായത് സ്വാഗതാർഹമാണ്.'– അദ്ദേഹം വ്യക്തമാക്കി.