പാര്‍ലമെന്‍റിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെ ജനല്‍ എം.എം.നരവനെയുടെ ഇനിയും പുറത്തിറങ്ങാത്ത പുസ്തകം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകം ഉയര്‍ത്തുന്നത്. അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം തടയുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ മണിക്കൂര്‍ വൈകിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കൈലാഷ് റേഞ്ചിനരിക ചൈനീസ് സേന കടന്നുകയറിയപ്പോഴുള്ള സംഭവമാണ് ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തില്‍ നരവനെ പറയുന്നത്. 'കൈലാഷ് റേഞ്ചില്‍ നിന്നും നൂറ് കണക്കിന് മീറ്റര്‍ മാത്രം അകലെയായിരുന്നു ചൈനയുടെ സൈന്യം. ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പെന്ന നിലയില്‍ വെടിയുതിര്‍ത്തു. പക്ഷേ ചൈനീസ് സൈന്യം അത് ഗൗനിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖാ പ്രദേശത്ത് 2020 ഓഗസ്റ്റ് 31ന് രാത്രിയാണ് സംഭവമുണ്ടായത്. ഇതോടെ പരിഭ്രാന്തനായ താന്‍ രാജ്യത്തിന്‍റെ സൈനിക മേധാവിജനറല്‍ ബിപിന്‍ റാവത്ത് , പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവരെ ഫോണില്‍ ബന്ധപ്പെട്ടു. രാത്രി 8.15 ആയിരുന്നു അപ്പോള്‍ സമയം'. നാല് ചൈനീസ് ടാങ്കുകള്‍ റെചിന്‍ ലാ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്നായിരുന്നു കൈമാറിയ സന്ദേശമെന്നും പുസ്തകത്തില്‍ പറയുന്നു.
'എന്താണ് എനിക്കുള്ള ഓര്‍ഡര്‍? എന്താണ് ചെയ്യേണ്ടത്?' എന്ന് മാത്രമായിരുന്നു എല്ലാവരോടും തന്‍റെ ചോദ്യമെന്നും നരവനെ കുറിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന് കൃത്യമായ ഓര്‍ഡര്‍ ലഭിക്കുന്നത് വരെ തിരിച്ചടിക്കരുതെന്ന് നരവനെയ്ക്ക് നിര്‍ദേശം ലഭിച്ചു.കരസേനയുടെ നോര്‍ത്തേണ്‍ കാന്‍ഡ് മേധാവി ജനറല്‍ യോഗേഷ് ജോഷി 9.10 ആയതോടെ വീണ്ടും വിളിച്ച്, ചൈനീസ് സൈന്യം കേവലം ഒരു കിലോ മീറ്റര്‍ മാത്രം അകലെയാണ് ഉള്ളതെന്ന് അറിയിച്ചു. ഇതോടെ 9.25നും പത്തുമണിക്കുമെല്ലാം പ്രതിരോധ മന്ത്രിയുള്‍പ്പടെയുള്ളവരെ നരവനെ വിളിച്ചു. അപ്പോഴൊന്നും മറുപടി ലഭിച്ചില്ലെന്നും ഒടുവില്‍ 10.30 ന് പ്രതിരോധ മന്ത്രി തിരികെ വിളിച്ച ശേഷം 'ഉചിതമായത് ചെയ്യൂവെന്നും, അത് പൂര്‍ണമായും സൈനിക തീരുമാനം ആയിരിക്കും' എന്ന് പറഞ്ഞുവെന്നും പുസ്തകം പറയുന്നു. തീരുമാനമെടുക്കുന്നതില്‍ ഗുരുതരമായ കാലതാമസമുണ്ടായെന്നും അതീവ ഗൗരവസ്ഥിതിയില്‍ പോലും കാബിനറ്റ് സമിതി ചേരുകയോ മുന്‍കാലങ്ങളിലെ രീതി പാലിക്കുകയോ ചെയ്തില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
രാജ്യത്തിന്‍റെ 28–ാം കരസേന മേധാവിയായിരുന്നു എം.എം.നരവനെ. 2019 ല്‍ ചുമതലയേറ്റ അദ്ദേഹം 2022 ല്‍ വിരമിച്ചു. തുടര്‍ന്നാണ് തന്‍റെ സര്‍വീസ് സ്റ്റോറി അദ്ദേഹം എഴുതിയത്. അഗ്നിവീര്‍, ഗല്‍വാന്‍ സംഘര്‍ഷം, ദോക്ല തുടങ്ങിയവയെ കുറിച്ചെല്ലാം പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 2023 ല്‍ ഇതിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുസ്തകം പരിശോധിച്ചിട്ട് മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തി വച്ചു. ഇതുവരെയും പ്രസിദ്ധീകരണത്തിനുള്ള അനുമതിയും ലഭിച്ചിട്ടില്ല.
കോണ്‍ഗ്രസിന് ദേശാഭിമാനമില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചതോടെയാണ് ജനറല്‍ നരവനെയുടെ പുസ്തകത്തിലെ വിവരങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പ്രതിരോധം തീര്‍ത്തത്. എന്നാല്‍ രാഹുലിന്‍റെ ചില പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്ന് പിന്നീട് നീക്കി. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകം അവതരിപ്പിക്കരുതെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ വാദം. ഇതോടെ കാരവന്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട പുസ്തകത്തിലെ ഭാഗം രാഹുല്‍ ഉദ്ധരിക്കുകയായിരുന്നു.