കർണാടകയിൽ കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന ആൺകുട്ടിയാണ് മരിച്ചത്. കനകപുര റോഡിൽ പൈപ്പ്‌ലൈൻ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപമുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരി 29-നാണ് പ്രീതത്തെ കാണാതാകുന്നത്. വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ, ജനുവരി 31-ന് കനകപുര റോഡിലെ നിർമ്മാണ സ്ഥലത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓറഞ്ച് ടീഷർട്ട് ധരിച്ച നിലയിലായിരുന്നു മൃതദേഹം. അഴുക്കുചാലുകൾ മൂടിയ സ്ലാബുകൾക്കിടയിലെ വിടവിലൂടെയാണ് കുട്ടിയുടെ ശരീരം പുറത്തുകണ്ടത്. പൈപ്പ്‌ലൈൻ ജോലികൾക്കായി തുറന്നിട്ട ഓടയിൽ കുട്ടി അബദ്ധത്തിൽ വീണതാണോ എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ കരാറുകാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്നും, ഓട മൂടാതെ കിടന്നത് എങ്ങനെയാണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

ENGLISH SUMMARY:

Missing Class 9 student Preetham found dead in an open pipeline drain on Kanakapura Road, Karnataka. Family alleges negligence as investigation into the tragic incident continues.